കൊച്ചി: പാലക്കാടും കോട്ടയത്തും സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം. പ്രതിദിനം ആയിരക്കണക്കിന് രോഗികളെത്തുന്ന പാലക്കാട് ജില്ലാ ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് പാരസെറ്റമോൾ മരുന്ന് പോലും ലഭിക്കുന്നില്ലെന്ന് രോഗികൾ. മരുന്നുകൾ സ്റ്റോക്കില്ലെന്ന് കാണിച്ച് ജീവനക്കാർ മടക്കിയയ്ക്കുന്ന രോഗികള്ക്ക് സ്വകാര്യ ഫാർമസികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
പനിയും ചുമയുമായിയെത്തിയ 5 വയസ്സുകാരന് പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും ഡോക്ടർ എഴുതിയ പനിയ്ക്കുള്ള പാരസെറ്റമോൾ സിറപ്പ് പോലും ഫാർമസിയില് നിന്ന് ലഭിച്ചില്ല. മരുന്ന് വാങ്ങാൻ പോയ കുട്ടിയുടെ ബന്ധുകളെ ജില്ലാ ആശുപത്രി ഫാർമസിയില് നിന്നും, കാരുണ്യ ഫാർമസിയിൽ നിന്നും മടക്കി വിട്ടു. വിവരം അന്വേഷിച്ചപ്പോൾ ദിവസങ്ങളായി പാരസെറ്റാമോൾ പോലും ഈ രണ്ട് ഫാർമസിയിലും സ്റ്റോക്കില്ലെന്നാണ് ജീവനക്കാർ ചീട്ടിൽ തന്നെ എഴുതി നൽകിയത്. മാസങ്ങളായി പാലക്കാട് ജില്ലാ ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷമാണ്.
കോട്ടയത്തെ സർക്കാർ ആശുപത്രികളിലെ സ്ഥിതിയും വ്യത്യസ്തമല്ല. പാലാ, ചങ്ങനാശ്ശേരി, താലൂക്ക് ആശുപത്രികളിലും ആവശ്യത്തിന് മരുന്നില്ല. ആന്റിബയോട്ടിക്കുകൾ, വേദന സംഹാരികൾ എന്നിവയ്ക്കാണ് ക്ഷാമം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ മരുന്നുകളും ലഭിക്കുന്നില്ല.
കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ പദ്ധതി നിലച്ചു; ചികിത്സ മുടങ്ങി രോഗികള്കോട്ടയം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷമാണ്. 127 കോടി രൂപയാണ് കോട്ടയം മെഡിക്കൽ കോളേജ് മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത്. മരുന്ന് വാങ്ങാൻ ആശുപത്രി വികസന സമിതികൾ തുക കണ്ടെത്തേണ്ട സ്ഥിതിയാണ് നിലവില് ഉള്ളത്. ബ്ലോക്ക് ഫണ്ട് ചെലവഴിച്ചാണ് പാമ്പാടി ആശുപത്രി ആവശ്യമായ മരുന്നുകള് വാങ്ങുന്നത്.
കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ പദ്ധതി പൂർണ്ണമായും നിലച്ചതോടെ ചെലവേറിയ ശസ്ത്രക്രിയകൾ, അവയവമാറ്റ ശസ്ത്രക്രിയകൾ എന്നിവയ്ക്കൊക്കെയായി സർക്കാർ സഹായം തേടിയെത്തുന്ന രോഗികളുടെ ചികിത്സയും മുടങ്ങിയിരിക്കുകയാണ്.