ജനുവരി 9ന് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ; രാജഭവൻ മാർച്ചിൻ്റെ ദിവസം ഗവർണർ ഇടുക്കിയിൽ എത്തും

ഭൂമിഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെയാണ് ജനുവരി 9ന് ഇടതുമുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി രാജഭവൻ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്

dot image

ഇടുക്കി: ഇടുക്കിയിൽ ജനുവരി 9ന് ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. ഇടതുമുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി രാജഭവൻ മാർച്ച് പ്രഖ്യാപിച്ച ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്ന സാഹചര്യത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്ഭവൻ മാർച്ച് നടത്തുന്ന ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് എൽഡിഎഫ് ഇടുക്കി ജില്ലാകമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്.

ഭൂമിഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെയാണ് ജനുവരി 9ന് ഇടതുമുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്.

ഇതിനിടെ ഗവർണർ കർഷകരെ വെല്ലുവിളിക്കുന്നുവെന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. കർഷകരുടെ ആശങ്ക പരിഹരിക്കാനാണ് ഗവർണർ ശ്രമിക്കേണ്ടത്. കർഷകർ രാജ്ഭവനിൽ പ്രതിഷേധിക്കുന്ന ദിവസം ഗവർണർ ഇടുക്കിയിലേക്ക് പോകുന്നത് വെല്ലുവിളിയാണ്. എല്ലാവരോടും വെല്ലുവിളിയുടെ സ്വരമാണ് ഗവർണർക്കെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.ജി സുധാകരന്റെ ആരോപണത്തെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

dot image
To advertise here,contact us
dot image