'തൃശൂരിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരം'; ടി എൻ പ്രതാപൻ എംപി

'തേജസ് പത്രത്തിന്റെ എഡിഷൻ എല്ലാ ജനപ്രതിനിധികൾക്കും സൗജന്യമായി നൽകുന്ന ഒരു ഫോട്ടോ കാണിച്ചുകൊണ്ടാണ് ബിജെപി വക്താവ് വർഗീയ ഫാസിസവുമായി വന്നിരിക്കുന്നത്'

dot image

തിരുവനന്തപുരം: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് ടി എൻ പ്രതാപൻ എംപി. ജില്ലയിൽ ബിജെപി ബോധപൂർവം വർഗീയ സംഘർഷത്തിന് ശ്രമിക്കുന്നു. തിരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് കണ്ടപ്പോൾ സാമുദായിക സംഘർഷമുണ്ടാക്കാനും വിഭാഗീയതയുണ്ടാക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. അത് തൃശ്ശൂരിൽ വിലപ്പോവില്ലെന്നും ടി എൻ പ്രതാപൻ പറഞ്ഞു. ആർഎസ്എസ്, പിഎഫ്ഐ വർഗീയതക്കെതിരെ പൊരുതുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസ് ഉൾപ്പടെയുള്ള ഭൂരിപക്ഷ വർഗീയതയ്ക്കും പിഎഫ്ഐ ഉൾപ്പടെയുള്ള ന്യൂനപക്ഷ വർഗീയതയ്ക്കുമെതിരാണ് കോൺഗ്രസ്. പണ്ട് കാലത്തെ തേജസ് പത്രത്തിന്റെ എഡിഷൻ എല്ലാ ജനപ്രതിനിധികൾക്കും സൗജന്യമായി നൽകുന്ന ഒരു ഫോട്ടോ കാണിച്ചുകൊണ്ടാണ് ബിജെപിയുടെ സംസ്ഥാന വക്താവ് വർഗീയ ഫാസിസവുമായി വന്നിരിക്കുന്നത്. ഫോട്ടോ കാണിച്ച് നിരോധിത സംഘടനകളുമായി ബന്ധമെന്ന് പറയുന്നത് പാപ്പരത്തമാണ്. തൃശൂരിൽ വർഗീയ സംഘർഷമുണ്ടാക്കാൻ നോക്കേണ്ട അത് നടക്കില്ലെന്നും ബിജെപിയുടെയും ആർഎസ്എസിന്റെയും ഏത് വെല്ലുവിളിയും ഏറ്റെടുക്കുമെന്നും ടി എൻ പ്രതാപൻ എംപി വ്യക്തമാക്കി.

ആല്മരം മുറിക്കെതിരെ പ്രതിഷേധ സമരം; തൃശ്ശൂര് നഗരത്തില് ബിജെപി-യൂത്ത് കോണ്ഗ്രസ് സംഘര്ഷം

തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചതിനെയും ടി എൻ പ്രതാപൻ വിമർശിച്ചു. പ്രധാനമന്ത്രിയുടെ പരിപാടിക്ക് രണ്ടു ലക്ഷം പേരെ കൊണ്ടു വരുമെന്ന് പറഞ്ഞിട്ട് നടന്നില്ല. നാല്പതിനായിരം കസേരയാണ് ആകെയിട്ടത്. പരിപാടി വിജയിപ്പിക്കാനാവാത്തതിന്റെ നിരാശയാണ് ബിജെപിക്കെന്നും എംപി പരിഹസിച്ചു.

ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ കെ അനീഷിനെ തനിക്ക് നേരെ ചാണകവെള്ളം തളിക്കാൻ ടി എൻ പ്രതാപൻ വെല്ലുവിളിക്കുകയും ചെയ്തു. ശരീരത്തിന് മീൻ മണമുള്ളവനാണ് താൻ. ചാണകം മെഴുകിയ തറയിൽ കിടന്നിട്ടുമുണ്ട്. നിങ്ങൾ പറയുന്ന സ്ഥലത്തു വരാമെന്നും വെല്ലുവിളിക്കുന്നുവെന്നും ടി എൻ പ്രതാപൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി തേക്കിൻകാട് മൈതാനത്തിലെ ആൽമരത്തിന്റെ ശിഖിരം മുറിച്ചുമാറ്റിയതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. മോദി പ്രസംഗിച്ച വേദിയിൽ ചാണകവെളളം തളിക്കാനും ശ്രമിച്ചു. ഇത് കെ കെ അനീഷിന്റെ നേതൃത്വത്തിലുളള ബിജെപി പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിലേക്ക് നയിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us