ഇടുക്കി: വണ്ടിപ്പെരിയാറില് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്കുട്ടിയുടെ മാതാപിതാക്കള്ക്ക് പൊലീസ് സംരക്ഷണം നല്കണമെന്ന ആവശ്യവുമായി ഡീന് കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില് കോണ്ഗ്രസ് ഉപരോധം. എംപിയുടെ നേതൃത്വത്തില് കോണ്ഗ്രസ് പ്രവര്ത്തകര് പീരുമേട് ഡിവൈഎസ്പി ഓഫീസ് ഉപരോധിക്കുകയാണ്. പ്രശ്നത്തിന് പരിഹാരമായ ശേഷമേ പിരിഞ്ഞുപോകൂവെന്ന് ഡീന് കുര്യാക്കോസ് പറഞ്ഞു. പെണ്കുട്ടിയുടെ പിതാവിനെയും മുത്തച്ഛനേയും കേസില് കുറ്റവിമുക്തനായ അര്ജ്ജുന്റെ ബന്ധു കുത്തിപരിക്കേല്പ്പിച്ചത് വിവാദമായി.
'അതി ദാരുണമായ സംഭവമാണ് ഇന്ന് നടന്നത്. പ്രതികള്ക്ക് പൂര്ണ്ണസംരക്ഷണമാണ്. ഇരയുടെ കുടുംബത്തെ തിരിഞ്ഞുനോക്കാന് ആളില്ലാത്ത അവസ്ഥയാണ്. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില് കുടുംബം മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള് ബോധിപ്പിച്ചിരുന്നു. അതിന് ശേഷമാണ് ഈ ആക്രമണം ഉണ്ടായത്. അക്രമിച്ച പ്രതി ഓടി കയറിയത് സിപിഐഎം ഓഫീസിലാണ്. അക്രമിയുടെ കുടുംബം സിപിഐഎം സംരക്ഷണത്തിലാണ്.' ഡീന് കുര്യാക്കോസ് ആരോപിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ്; കോണ്ഗ്രസ് പ്രചരണ സമിതി പ്രഖ്യാപിച്ചു, അജയ് മാക്കന് കണ്വീനര്കേരളത്തിന് തലകുനിക്കേണ്ട അവസ്ഥയാണെന്നും ഉന്നാവോ സംഭവം പോലെയാണ് വണ്ടിപ്പെരിയാറില് സംഭവിച്ചതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രതികരിച്ചു. കുടുംബത്തിന് നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നു. എന്നിട്ടും ഇരയുടെ കുടുംബത്തെ ആക്രമിച്ചിട്ട് പൊലീസ് നോക്കിനിന്നുവെന്നും ഉത്തര്പ്രദേശിലേത് പോലെയാണ് വണ്ടിപ്പെരിയാറില് നടന്നതെന്നുമായിരുന്നു വിഡി സതീശന്റെ പ്രതികരണം. പൊലീസ് വീഴ്ച അക്രമികള്ക്ക് സഹായമായന്നും അക്രമികള്ക്ക് സിപിഐഎം പിന്തുണയുണ്ടന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചു.