കണ്ണൂർ: ഇടുക്കിയിലെ കർഷകർ രാജ്ഭവന് മുന്നിൽ നടത്തുന്ന മാർച്ച് വിജയമാകുമെന്ന് കണ്ടപ്പോൾ ഗവർണർ ഇടുക്കിയിലേക്ക് യാത്ര തീരുമാനിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഈ പശ്ചാത്തലത്തിലാണ് ഇടുക്കിയിലെ പ്രതിഷേധമെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.
ഇടുക്കിയിലെ കർഷകർ ഉയർത്തുന്ന വിഷയങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും എം വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. ഗവർണർ ബില്ലുകളിൽ ഒപ്പിടാതെ തടഞ്ഞ് വെക്കുന്നത് പ്രയാസമുണ്ടാക്കും. കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് ലഭിക്കാതിരിക്കുന്നത്. അതിന് ന്യായീകരണം പറയാൻ ഒന്നും തന്നെ ഗവർണർക്കില്ല. സ്വാഭാവികമായി ഒപ്പിട്ട് ഈ ബില്ലുകൾ നിയമമാക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
നയപ്രഖ്യാപനം ഗവർണറുടെ ചുമതലയാണെന്നും ഭരണഘടനപരമായ കാര്യങ്ങൾ ഗവർണർക്ക് നിർബന്ധപൂർവ്വം നടത്തേണ്ടി വരുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ഗവർണർ ആരായാലും ഭരണഘടനാ സാധ്യത നിർവഹിക്കാൻ ചുമതലപ്പെട്ടയാളാണ്. ഗവർണർ തന്റെ ചുമതല നിർവഹിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.