കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽ അനധികൃത നിയമനം; രണ്ട് വർഷത്തിനിടെ നടന്നത് 36 അനധികൃത നിയമനങ്ങൾ

കൃഷി വകുപ്പിൻ്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ

dot image

തിരുവനന്തപുരം: കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽ രണ്ട് വർഷത്തിനിടെ നടന്നത് 36 അനധികൃത നിയമനങ്ങൾ. ശമ്പളം പോലും കൊടുക്കാനില്ലാതെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴാണ് കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽ അനധികൃത നിയമനങ്ങൾ വ്യാപകമായിരിക്കുന്നത്. കൃഷി വകുപ്പിൻ്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ.

നിയമനങ്ങൾക്ക് പാലിക്കേണ്ട വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് അനധികൃത നിയമങ്ങളെന്നതിൻ്റെ തെളിവുകൾ റിപ്പോർട്ടർ ടിവിക്ക്. സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ ഒരു നിയമനവും പാടില്ലെന്നും 13000 രൂപയ്ക്ക് താഴെ ശമ്പളമുള്ളവരെ മാത്രമേ നിയമിക്കാവൂ എന്നുമുള്ള വ്യവസ്ഥകൾ ലംഘിച്ചാണ് നിയമനങ്ങൾ. 85000 രൂപ വരെ ശമ്പളത്തിലാണ് അനധികൃത നിയമനങ്ങൾ നടത്തിയിരിക്കുന്നത്. ചുരുങ്ങിയ ശമ്പളത്തിൽ ജോലിക്കെടുത്തവർക്ക് തൊട്ടടുത്ത മാസം മുതൽ തോന്നുംപോലെ ശമ്പളം കൂട്ടിക്കൊടുത്തതിൻ്റെ ബാങ്ക് ഇടപാട് രേഖകളും റിപ്പോർട്ടറിന് ലഭിച്ചു.

64 വയസ്സുള്ള സിവിൽ എഞ്ചിനീയറായ എംഡി വന്നതിന് ശേഷമുള്ള ഈ രണ്ടുവർഷമാണ് തോന്നും പോലെയുള്ള ഈ നിയമനങ്ങൾ എന്നാണ് ആരോപണം. കോർപറേഷൻ്റെ പുതിയ മാനേജിംഗ് ഡയറക്ടറായി കെജെ പ്രതാപ് രാജിനെ നിയമിച്ചതിന് ശേഷമുള്ള രണ്ട് വർഷത്തിനിടെയാണ് 36 അനധികൃത നിയമനങ്ങൾ നടന്നത്. 13000 രൂപയ്ക്ക് മുകളിൽ ശമ്പളമുള്ളവരെ നിയമിക്കാൻ ബോർഡിന് അവകാശമില്ലെന്ന കോർപറേഷൻ്റെ ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ വ്യവസ്ഥയെ അട്ടിമറിച്ചായിരുന്നു നിയമനങ്ങളെല്ലാം. കരാർ നിയമനത്തിനായി പത്രപരസ്യത്തിൽ പറയുന്ന ശമ്പളം ജോലിയിൽ കയറി തുടർന്നുള്ള മാസങ്ങളിൽ കൂട്ടി നൽകുന്നതാണ് രീതി.

മുൻ കൃഷി മന്ത്രി വി എസ് സുനിൽകുമാറിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വിജയകുമാറിൻ്റെ കരാർ നിയമന ഉത്തരവ് റിപ്പോർട്ടറിന് ലഭിച്ചു. പത്രപരസ്യം പോലും കൊടുക്കാതെയായിരുന്നു ഇല്ലാത്ത പോസ്റ്റിലെ നിയമനം. എംഡിയുടെ ശുപാർശ പ്രകാരമാണ് നിയമനമെന്നാണ് ഉത്തരവിൽ റഫറൻസായി സൂചിപ്പിച്ചിരിക്കുന്നത്. കരാറിൽ ശമ്പളമായി കാണിച്ചിരിക്കുന്നത് 35000 രൂപ. എന്നാൽ ബാങ്ക് ഓഫ് ബറോഡയിലെ പണമിടപാട് രേഖകളിൽ വിജയകുമാറിൻ്റെ അക്കൗണ്ടിലേയ്ക്ക് ശമ്പളമായി വന്നത് 50000 രൂപ. കരാറിൽ ശമ്പളമായി പറഞ്ഞതിലും 15000 രൂപ അധികമായി അക്കൗണ്ടിൽ എത്തിയെന്ന് റിപ്പോർട്ടറിന് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.

82500 രൂപ ശമ്പളം വാങ്ങുന്ന ഗോപകുമാർ എന്ന കരാർ ജീവനക്കാരൻ്റെ ശമ്പളത്തിലും ഇത്തരം ക്രമക്കേട് വ്യക്തമാണ്. ഗോപകുമാർ ജോലിയിൽ പ്രവേശിച്ചത് 50000 രൂപയുടെ കരാറിലാണ്. പ്രജീഷ് കൂവച്ചലിൽ എന്നയാളുടെ ശമ്പളം 50000 രൂപയാണ്. എന്നാൽ പത്രപരസ്യം 35000 രൂപയുടേതായിരുന്നു. ഇത്തരത്തിലാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ 36 നിയമനങ്ങൾ കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽ നടന്നിരിക്കുന്നത്.

ശമ്പളം നൽകാൻ പറ്റാത്തത്ര പ്രതിസന്ധിയിലൂടെ കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ കടന്ന് പോകുമ്പോഴാണ് ഈ നിലയിൽ അനധികൃത നിയമനങ്ങൾ നടന്നിരിക്കുന്നത്. കോർപ്പറേഷൻ്റെ 14 ജില്ലാ ഓഫീസുകളിൽ നാല് ജില്ലകളിൽ മാത്രമാണ് കൃത്യമായ ശമ്പളവിതരണം നടക്കുന്നത്. പലയിടങ്ങളിലും നാല് മാസം വരെ ശമ്പളം മുടങ്ങിയിട്ടുണ്ട്. ജൂനിയർ അസിസ്റ്റൻ്റ്, ഓഫീസ് അസിസ്റ്റൻ്റ് പിഎസ് സി റാങ്ക് പട്ടിക നിലനിൽക്കുമ്പോഴാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ മറച്ചുവെച്ചു കൊണ്ട് ഇത്തരത്തിൽ നിയമന അട്ടിമറി നടക്കുന്നത്. 36 പേരെ അനധികൃതമായി നിയമിച്ചതോടെ പ്രതിമാസം 10 ലക്ഷത്തിലധികം രൂപയാണ് കോർപറേഷന് ബാധ്യതയായിട്ടുണ്ട്.

കൃഷിക്കാർക്ക് യന്ത്രവൽകരണത്തിലൂടെ കൈത്താങ്ങ് ആകാൻ 1968 ൽ തുടങ്ങിയ സ്ഥാപനമാണ് കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ. കേരളത്തിലെ കർഷകർക്ക് ആദ്യമായി ട്രില്ലറും ട്രാക്ടറും പരിചയപ്പെടുത്തിയത് ഈ സ്ഥാപനമായിരുന്നു. കേരളത്തിൽ 14 ജില്ലാ ഓഫീസുകളും തിരുവനന്തപുരത്ത് ആസ്ഥാന മന്ദിരവും ഉള്ള സ്ഥാപനമാണ് കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ. മെക്കാനിക്കൽ എഞ്ചിനീയർ എം ഡിയാകേണ്ട ഈ പൊതുമേഖലാ സ്ഥാപനത്തിലാണ് വിരമിച്ച സിവിൽ എഞ്ചിനീയർ എംഡിയാകുന്നത്. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെ രക്ഷിക്കാനെത്തിയ എംഡി ഒരു സ്ഥാപനത്തെ തന്നെ തകർക്കുന്നുവെന്നാണ് ആരോപണം ഉയരുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us