Jan 24, 2025
11:48 AM
കൊച്ചി: സിറോ മലബാർ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡ് തുടരുന്നു. സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കലാണ് സിനഡിന്റെ പ്രധാന അജണ്ട. സിനഡിന്റെ രണ്ടാം ദിനമായ ഇന്ന് മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്ന നടപടികൾ ആരംഭിക്കും. എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങളാകും പുതിയ മേജർ ആർച്ച് ബിഷപ്പിന് അടിയന്തരമായി പരിഹരിക്കേണ്ടി വരിക. സിറോ മലബാർ സഭയ്ക്ക് കീഴിലെ 55 ബിഷപ്പുമാരാണ് സിനഡിൽ പങ്കെടുക്കുന്നത്. കാലഘട്ടത്തിന് ചേർന്ന മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുമെന്ന് സഭ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ പറഞ്ഞു. സഭയെ സമവായത്തിലൂടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നയാൾ മേജർ ആർച്ച് ബിഷപ്പ് ആകണമെന്ന് കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു. സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഈ മാസം 13 വരെയാണ് സിനഡ് നടക്കുന്നത്.
സിനഡിൽ പങ്കെടുക്കുന്ന ബിഷപ്പുമാരിൽ 53 പേർക്കാണ് മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശം. രഹസ്യ ബാലറ്റ് ഉപയോഗിച്ച് നടക്കുന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഏറ്റവും കൂടുതൽ വോട്ടു നേടുന്ന ആൾ മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെടും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ വോട്ടെടുപ്പ് ആവർത്തിക്കും. സഭാ അഡ്മിനിസ്ട്രേറ്റർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലാണ് തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകുക. കർദ്ദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാൻ സിനഡ് യോഗം ചേരുന്നത്. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എന്നിവരാണ് പുതിയ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്.
പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന മേജർ ആർച്ച് ബിഷപ്പിന് എല്ലാവരെയും ഒരുമിപ്പിക്കാൻ പ്രാപ്തിയുണ്ടാകണമെന്നും സഭയുടെ ധാർമ്മികത വീണ്ടെടുക്കാൻ കഴിവുണ്ടാകണമെന്നുമാണ് അൽമായ മുന്നേറ്റത്തിൻ്റെ ആവശ്യം. ഭാവി മേജർ ആർച്ച് ബിഷപ്പ് ആരോപണങ്ങൾക്ക് അതീതനാകണം, സഭാപ്രശ്നങ്ങൾ നീതിപൂർവം പരിഹരിക്കണം, വിശ്വാസികളെ കേൾക്കാൻ എളിമയുണ്ടാകണം തുടങ്ങിയ ആവശ്യങ്ങളും അൽമായ മുന്നേറ്റത്തിനുണ്ട്. ജനാഭിമുഖ കുർബാനയുമായി ബന്ധപ്പെട്ട് ചർച്ചയോ കമ്മീഷനോ പാടില്ലെന്നും ഏകീകൃത കുർബാന നടപ്പിലാക്കണമെന്നുമാണ് സംയുക്ത സഭാ സംരക്ഷണ മുന്നണി ആവശ്യപ്പെടുന്നത്. വിമതവൈദികർക്കെതിരെ നടപടി സ്വീകരിക്കണമെന്ന സംയുക്ത സഭാ സംരക്ഷണ മുന്നണിയുടെ ആവശ്യം പുതിയ മേജർ ആർച്ച് ബിഷപ്പിന് വെല്ലുവിളിയായേക്കും.
ഏകീകൃത കുർബാന തർക്കത്തിൻ്റെ പേരിൽ വിശ്വാസികൾ തമ്മിൽ ചേരിതിരിഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാൻ സിനഡ് യോഗം ചേരുന്നത്. ഏകീകൃത കുർബാനയ്ക്കായി സംയുക്ത സഭാ സംരക്ഷണ സമിതിയും ജനാഭിമുഖ കുർബാനയ്ക്കായി അൽമായ മുന്നേറ്റവും വൈദിക സമിതിയും പരസ്പരം പോർ മുഖം ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ ആരായിരിക്കും പുതിയ മേജർ ആർച്ച് ബിഷപ്പ് എന്നതും പ്രധാനമാണ്.