തിരുവനന്തപുരം: പട്ടികജാതി പട്ടികവര്ഗ്ഗ വിഷയങ്ങളിലെ മികച്ച റിപ്പോര്ട്ടുകള്ക്ക് സംസ്ഥാന സര്ക്കാര് നല്കുന്ന 2023 ലെ ഡോ. ബി ആര് അംബേദ്കര് മാധ്യമ അവാര്ഡ് റിപ്പോര്ട്ടര് ഡിജിറ്റല് സീനിയര് ന്യൂസ് എഡിറ്റര് ഷഫീഖ് താമരശ്ശേരിക്ക് സമ്മാനിച്ചു. ട്രൂകോപ്പി തിങ്ക് നിര്മിച്ച് ഷഫീഖ് താമരശ്ശേരി സംവിധാനം ചെയ്ത 'തൊഗാരി' എന്ന ഡോക്യുമെന്ററിയാണ് ദൃശ്യമാധ്യമ വിഭാഗത്തില് അവാര്ഡിന് അര്ഹമായത്. തിരുവനന്തപുരം പ്രസ് ക്ലബ്ബില് നടന്ന സമ്മേളനത്തില് മന്ത്രി കെ രാധാകൃഷ്ണന് 30,000 രൂപയുടെ ക്യാഷ് അവാര്ഡും ഫലകവും അടങ്ങുന്ന പുരസ്കാരം വിതരണം ചെയ്തു.
ദൃശ്യമാധ്യമ വിഭാഗത്തില് വയനാട് വിഷനില് വികെ രഘുനാഥ് തയ്യാറാക്കിയ 'ഒരു റാവുളന്റെ ജീവിത പുസ്തകം' പ്രത്യേക പരാമര്ശത്തിന് അര്ഹമായി. അച്ചടി മാധ്യമ വിഭാഗത്തില് 'അറിയപ്പെടാത്തൊരു വംശഹത്യ' എന്ന ലേഖന പരമ്പര തയ്യാറാക്കിയ മാതൃഭൂമി വയനാട് സ്റ്റാഫ് കറസ്പോണ്ടന്റ് നീനു മോഹനാണ് അവാര്ഡ്. മംഗളം സീനിയര് റിപ്പോര്ട്ടര് വി പി നിസാര് തയ്യാറാക്കിയ 'ചോലനായിക ശോകനായിക' പരമ്പര ജൂറിയുടെ പ്രത്യേക പരാമര്ശനത്തിന് അര്ഹമായി. ശ്രവ്യ വിഭാഗത്തില് കമ്മ്യൂണിറ്റി റേഡിയോയില് പൂര്ണ്ണിമ കെ തയ്യാറാക്കിയ 'തുടിച്ചെത്തം ഊരുവെട്ടം' അവാര്ഡ് നേടി. പിആര്ഡി ഡയറക്ടര് ടിവി സുഭാഷ് ചെയര്മാനും, കെ പി രവീന്ദ്രനാഥ്, സരസ്വതി നാഗരാജന്, പ്രിയ രവീന്ദ്രന്, രാജേഷ് കെ എരുമേലി എന്നിവര് അംഗങ്ങളുമായ സമിതിയാണ് അവാര്ഡ് നിര്ണയിച്ചത്.
2020-ല് ഡല്ഹി ആസ്ഥാനമായുള്ള പോപ്പുലേഷന് ഫെസ്റ്റിന്റെ ലാഡ്ലി മീഡിയ ഫെലോഷിപ്, 2021-ല് ചെന്നൈ ആസ്ഥാനമായുള്ള പ്രജന്യ ട്രസ്റ്റിന്റെ ആര് രാജാറാം മീഡിയ ഫെലോഷിപ്, 2023-ല് ചെന്നൈ ആസ്ഥാനമായുള്ള എംഎസ് സ്വാമിനാഥന് റിസര്ച്ച് ഫൗണ്ടേഷന്റെ മീന സ്വാമിനാഥന് അവാര്ഡ് എന്നിവ ഷഫീഖ് താമരശ്ശേരി നേടിയിട്ടുണ്ട്.