മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു

കുർബാന തർക്കം ഉൾപ്പടെയുള്ള പ്രതിസന്ധികളിലൂടെ സഭ കടന്നുപോകുന്ന ഘട്ടത്തിലാണ് മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റത്

dot image

കൊച്ചി: സിറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ചായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. കുർബാന തർക്കം ഉൾപ്പടെയുള്ള പ്രതിസന്ധികളിലൂടെ സഭ കടന്നുപോകുന്ന ഘട്ടത്തിലാണ് മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റത്. സ്ഥാനോരോഹണ ചടങ്ങുകൾ പുരോഗമിക്കുകയാണ്.

കുർബാന തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഹാരം കാണലാണ് തൻ്റെ ലക്ഷ്യമെന്നും ചർച്ചകൾക്കുള്ള സാധ്യതകൾ അടഞ്ഞിട്ടില്ലെന്നും റാഫേൽ തട്ടിൽ നേരത്തെ പ്രതികരിച്ചിരുന്നു. തങ്ങളെ കേൾക്കുന്ന നേതൃത്വത്തിനായാണ് കാത്തിരുന്നതെന്നും മാർ റാഫേൽ തട്ടിലിന്റെ വാക്കുകളിൽ പ്രതീക്ഷയുണ്ടെന്നും വിമത വിഭാഗവും പ്രതികരിച്ചിരുന്നു.

നിലവിൽ ഷംഷാബാദ് രൂപത ബിഷപ്പായ മാർ റാഫേൽ തട്ടിലിനെ ബുധനാഴ്ചയാണ് സിറോ മലബാർ സഭയുടെ പുതിയ ആർച്ച് ബിഷപ്പായി തിരഞ്ഞെടുത്തത്. സീറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മാർ ജോർജ് ആലഞ്ചേരി സ്വയം വിരമിച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിലൂടെ നിയമിതനാകുന്ന രണ്ടാമത്തെ ആർച്ച് ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ. തൃശ്ശൂർ ബസലിക്കാ ഇടവകാംഗം കൂടിയാണ് അദ്ദേഹം.

മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ പുതിയ ആർച്ച് ബിഷപ്പായി സ്ഥാനം ഏറ്റെടുക്കുമ്പോൾ തൃശ്ശൂരുകാർ ആഹ്ളാദത്തിലാണ്. പ്രതിസന്ധികാലത്ത് സിറോ മലബാർ സഭയെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട മാർ റാഫേലിൻ്റെ ചെറുപ്പകാലത്തെ പ്രവർത്തനകേന്ദ്രം തൃശൂർ നഗര ഹൃദയത്തിലുള്ള വ്യാകുലമാതാവിൻ ബസലിക്കയായിരുന്നു.

1980 ലാണ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പൗരോഹിത്യം സ്വീകരിക്കുന്നത്. മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് പൗരോഹിത്യം നേടിയ ശേഷം അദ്ദേഹത്തിന്റെ തന്നെ സഹായിയായി ഏറെ നാൾ പ്രവർത്തിച്ചു. തൃശൂർ പുത്തൻപ്പള്ളി എന്ന പേരിൽ പ്രസിദ്ധമായ വ്യാകുല മാതാവിന്റെ ബസലിക്കയുടെ പുറകുവശത്തായിരുന്നു മാർ റാഫേലിൻ്റെ വീട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us