സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വർധന ഉടനില്ല; വിദഗ്ധ സമിതി റിപ്പോർട്ട് പരിഗണിക്കാതെ മന്ത്രിസഭ

കൂടുതൽ പണം അനുവദിച്ച് സപ്ലൈകോയിലെ പ്രതിസന്ധി പരിഹരിക്കാനാണ് ആലോചന

dot image

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വർധന ഉടൻ ഉണ്ടാകില്ല. നിയമസഭാ സമ്മേളനവും, ലോക്സഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ അവശ്യസാധനങ്ങളുടെ വില കൂട്ടുന്നത് തിരിച്ചടിയാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗവും വില പുതുക്കണമെന്ന വിദഗ്ധ സമിതി റിപ്പോർട്ട് ചർച്ചയ്ക്ക് എടുത്തിരുന്നില്ല.

സപ്ലൈകോ സ്റ്റോറുകളിലൂടെ വിറ്റഴിക്കുന്ന 13ഇനം സബ്സിഡി സാധനങ്ങളുടെ വില കൂട്ടണം എന്നായിരുന്നു പ്ളാനിങ് ബോർഡ് അംഗം ഡോ. കെ രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതിയുടെ ശുപാർശ. നിലവിലെ വിപണി വിലയിൽ 25% സബ്സിഡി നൽകി വില പുതുക്കണമെന്നും സമിതി നിർദേശിച്ചു. സാധനങ്ങളുടെ വിലകൂട്ടുന്നതോടെ സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധി കുറയുമെന്നായിരുന്നു നിഗമനം.

എന്നാൽ നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഈ മാസം 25നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. വിലവർധിപ്പിച്ചാൽ പ്രതിപക്ഷം ഇത് സഭയിൽ ആയുധമാക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ വിലവർധനയിൽ തിടുക്കം വേണ്ടെന്ന് മുഖ്യമന്ത്രി തന്നെ നിർദേശിച്ചതായാണ് വിവരം. കൂടുതൽ പണം അനുവദിച്ച് സപ്ലൈകോയിലെ പ്രതിസന്ധി പരിഹരിക്കാനാണ് ആലോചന. ഇന്നലെ ചേർന്ന മന്ത്രിസഭായോഗം റിപ്പോർട്ട് പരിഗണിച്ചിരുന്നില്ല. അതേസമയം വിതരണക്കാർ കുടിശിക നൽകാത്തതിനാൽ സപ്ലൈകോ സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾക്ക് കടുത്ത ക്ഷാമം ആണുള്ളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us