കേന്ദ്രമന്ത്രി വി മുരളീധരൻ്റെ വിദേശയാത്ര; വിവരങ്ങൾ വെളിപ്പെടുത്താതെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം

സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിവരം മറച്ചുവെക്കുന്നു

dot image

കൊച്ചി: കേന്ദ്രമന്ത്രി വി മുരളീധരൻ്റെ വിദേശയാത്രാ വിവരങ്ങളും ചെലവഴിച്ച തുകയുടെ കണക്കും തരാനാകില്ലെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം. എത്ര രാജ്യങ്ങൾ സന്ദർശിച്ചെന്നോ എത്ര രൂപ ഇതുവരെ യാത്രയ്ക്കായി ചെലവഴിച്ചെന്നോ അറിയിക്കാനാവില്ലെന്നായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കുള്ള മറുപടി.

വിദേശയാത്രകളെല്ലാം ഒരൊറ്റ ഹെഡിലുള്ള അക്കൗണ്ട് വഴിയാണ്. ഓരോ ആളുകൾക്കും വെവ്വേറെ രേഖകൾ സൂക്ഷിച്ച് വെച്ചിട്ടില്ല. അതുകൊണ്ട് മറുപടി നൽകാനാവില്ല എന്നായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ മറുപടി. മന്ത്രിമാരുടെ വിദേശയാത്രാ വിവരങ്ങളും ചെലവഴിച്ച തുകയും പലപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. എന്നാൽ വി മുരളീധരൻ്റെ വിദേശ യാത്രകളെ സംബന്ധിച്ചുള്ള വിവരം മറച്ചുവെക്കുകയാണ് കേന്ദ്രസർക്കാർ.

വിവരാവാകാശ നിയമപ്രകാരം രണ്ട് ചോദ്യങ്ങളാണ് ചോദിച്ചിരുന്നത്. വി മുരളീധരൻ വിദേശകാര്യ സഹമന്ത്രി ആയ ശേഷം വിദേശ യാത്രകൾക്കായി എത്ര രൂപ ചെലവഴിച്ചു, വിദേശത്ത് നടന്ന യോഗങ്ങളുടെയും വി മുരളീധരൻ്റെ യാത്രയെത്തുടർന്ന് ഒപ്പിട്ട കരാറുകളുടെയും വിശദാംശങ്ങൾ എന്നിവയായിരുന്നു ചോദ്യങ്ങൾ. ഈ രണ്ട് ചോദ്യങ്ങൾക്കുമാണ് വിവരാവകാശ നിയമപ്രകാരം മറുപടി നിഷേധിച്ചിരിക്കുന്നത്. സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിവരം മറച്ചുവെക്കുകയാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്ര നടത്തുന്നതിനെ രൂക്ഷമായി വിമർശിക്കുന്നവരാണ് കേരളത്തിലെ ബിജെപി നേതൃത്വം. പക്ഷേ സ്വന്തം മന്ത്രി എവിടെയൊക്കെ സന്ദർശിച്ചു എന്ന കണക്ക് പോലും വിവരാവകാശ നിയമപ്രകാരം അനുവദിക്കാത്തതിനോട് ബിജെപി നേതൃത്വം എങ്ങനെ പ്രതികരിക്കുന്നു എന്നതും നിർണ്ണായകമാണ്.

വിദേശ കാര്യ സഹമന്ത്രിയുടെ വിദേശ യാത്രകളുടെ കണക്കുകൾ പോലും പുറത്തുവിടാൻ എന്തുകൊണ്ടാണ് വിദേശ കാര്യമന്ത്രാലയം തയ്യാറാവാത്തത്. ആ കണക്ക് പുറത്തുവന്നാൽ കേന്ദ്രസർക്കാരിനോ ബിജെപിക്കോ തിരിച്ചടിയാവാനുള്ള എന്തെങ്കിലും ഉണ്ടാകുമോ. വിവാരാവകാശ പ്രകാരം നൽകിയ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വരുമ്പോൾ നിരവധി സംശയങ്ങൾ ഉയർന്ന് വരുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us