മസാലബോണ്ട് കേസ്: കിഫ്ബിക്ക് വീണ്ടും സമന്സയച്ചതില് ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി

ഹര്ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും

dot image

കൊച്ചി:മസാല ബോണ്ടിലെ ഫെമ നിയമലംഘനം പരിശോധിക്കുന്ന കേസിൽ കിഫ്ബിക്ക് വീണ്ടും സമന്സയച്ചതില് ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി. ബുധനാഴ്ചയ്ക്കകം മറുപടി നല്കാന് സിംഗിള് ബെഞ്ചിന്റെ നിര്ദ്ദേശം. സമന്സില് ഇഡി പഴയ കാര്യങ്ങള് ആവര്ത്തിച്ച് ചോദിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കിഫ്ബി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്ന രേഖകളെല്ലാം നേരത്തെ തന്നെ നല്കിയതാണ്. നോട്ടീസ് നല്കാന് ഇഡിക്ക് അധികാര പരിധിയില്ലെന്നുമാണ് കിഫ്ബിയുടെ വാദം. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടിയത്. ഹര്ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി പുതിയ നോട്ടീസ് അയച്ചിരുന്നു. ഇന്ന് ഹാജരാകാനായിരുന്നു ഇ ഡിയുടെ ആവശ്യം. സിപിഐഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടതിനാൽ ഇന്ന് ഹാജരാകാനാകില്ല എന്ന് തോമസ് ഐസക് ഇ ഡിയെ അറിയിക്കുകയായിരുന്നു. മസാല ബോണ്ട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഈ മാസം ഒന്നിനാണ് ഇ ഡി തോമസ് ഐസക്കിന് വീണ്ടും നോട്ടീസ് നൽകിയത്.

സമൻസ് ചോദ്യം ചെയ്ത് ഐസക് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നേരത്തേ നൽകിയ നോട്ടീസ് ഇ ഡി പിൻവലിച്ചിരുന്നു. വ്യക്തിഗതവിവരങ്ങൾ ചോദിച്ച് ഇ ഡി ബുദ്ധിമുട്ടിക്കുന്നു എന്ന തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു നോട്ടീസ് അയയ്ക്കുന്നത് വിലക്കിയത്. എന്നാൽ അന്വേഷണം തുടരാൻ തടസമില്ലെന്നും പുതിയ നോട്ടീസ് ഇ ഡിക്ക് അയയ്ക്കാം എന്നും ഹൈക്കോടതി ഈ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയത്. തോമസ് ഐസക്കിനെ ചോദ്യം ചെയ്യാതെ കേസിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ ആകില്ല എന്നതാണ് ഇ ഡി നിലപാട്.

നേരത്തെ മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് തെളിവുകളില്ലെന്ന് ഹൈക്കോടതി സിംഗിള് ബെഞ്ച് വിധിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ കിഫ്ബി മസാല ബോണ്ട് കേസില് പുതിയ സമന്സ് നല്കുമെന്ന് ഇ ഡി വ്യക്തമാക്കി. കിഫ്ബി നിയമം ലംഘിച്ചെന്നും ഇ ഡി പറഞ്ഞിരുന്നു. കിഫ്ബിക്കെതിരെ തെളിവുണ്ടെന്ന് ആവര്ത്തിക്കുന്ന നിലപാടായിരുന്നു ഹൈക്കോടതി വിധിക്ക് ശേഷവും ഇഡി സ്വീകരിച്ചിരുന്നത്. തെളിവിന്റെ അടിസ്ഥാനത്തില് പുതിയ സമന്സ് നല്കും, ഹൈക്കോടതി ഉത്തരവ് ലഭിച്ച ശേഷം തുടര്നടപടി സ്വീകരിക്കുമെന്നായിരുന്നു ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു മുൻ മന്ത്രി തോമസ് ഐസക്കിന് ഇഡി ഇപ്പോൾ സമൻസ് അയച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image