കോട്ടയം: റബര് കര്ഷകരുടെ വിഷയങ്ങളുയര്ത്തി കേരളാ കോണ്ഗ്രസ് സംഘടിപ്പിക്കുന്ന ലോങ് മാര്ച്ച് ഇന്ന്. കടുത്തുരുത്തിയില് നിന്ന് കോട്ടയത്തേക്കാണ് മാര്ച്ച്. റബര് കര്ഷകരെ അവഗണിക്കുന്ന കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്ക്കെതിരെയാണ് പ്രക്ഷോഭം. കേരളാ കോണ്ഗ്രസ് എക്സിക്യൂട്ടിവ് ചെയര്മാന് അഡ്വ മോന്സ് ജോസഫ് എംഎല്എയുടെ നേതൃത്വത്തിലായിരിക്കും മാര്ച്ച്.
റബര് വില തകര്ച്ചയില് ദുരിതത്തിലാണ് കര്ഷകര്. റബറിന്റെ തറവില 250 രൂപയാക്കുമെന്ന എല്ഡിഎഫ് സര്ക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല. കേന്ദ്രസര്ക്കാരും നടപടികള് സ്വീകരിക്കുന്നില്ല. വിലസ്ഥിരതാ ഫണ്ടിന്റെ ആനുകൂല്യം ലഭ്യമാക്കുന്ന വെബ്സൈറ്റ് നിശ്ചലമാണ്. വിലസ്ഥിരതാ പദ്ധതി അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും കര്ഷകര്ക്കുണ്ട്. ഈ പ്രതിസന്ധികള് ഉയര്ത്തിയാണ് ലോങ് മാര്ച്ച് സംഘടിപ്പിക്കുന്നത്.
ലോങ് മാര്ച്ചിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം കടുത്തുരുത്തിയില് കേരളാ കോണ്ഗ്രസ് ചെയര്മാന് പി ജെ ജോസഫ് നിര്വഹിച്ചിരുന്നു. രാവിലെ കടുത്തുരുത്തിയില് നിന്ന് മാര്ച്ച് ആരംഭിക്കും. വൈകിട്ട് അഞ്ചിന് കോട്ടയം തിരുനക്കരയില് മാര്ച്ച് അവസാനിക്കും. തുടര്ന്ന് ചേരുന്ന കര്ഷക സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും.