മലപ്പുറം: കൈവെട്ട് പരാമർശം നടത്തിയ എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി. തീവ്രസ്വഭാവത്തിൽ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ല. ഇത്തരം പരാമർശങ്ങൾ സമസ്തയുടെ നേതാക്കൾ പറയാറില്ലെന്നും തീവ്രവാദികൾക്ക് എതിരെ എന്നും നിലപാട് എടുത്ത പ്രസ്ഥാനമാണ് സമസ്തയെന്നും പുത്തനഴി മൊയ്തീൻ ഫൈസി വ്യക്തമാക്കി.
എൻഡിഎഫ് അടക്കമുള്ള തീവ്രവാദ സംഘടനകൾ വന്നപ്പോൾ പ്രതിരോധം തീർത്തവരാണ് സമസ്ത. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്ക് കീഴിൽ ഉള്ള ഒരു സംഘടനയ്ക്കും തീവ്രവാദ ശൈലി ഇല്ലെന്നും മൊയ്തീൻ ഫൈസി പറഞ്ഞു. സത്താർ പന്തല്ലൂരിന്റെ പരാമർശത്തിൽ സമസ്തയുടെ ഉന്നത നേതാക്കൾ വേണ്ടത് പോലെ കൈകാര്യം ചെയ്യുമെന്നും മൊയ്തീൻ ഫൈസി വ്യക്തമാക്കി.
മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപന റാലിയിലായിരുന്നു സത്താർ പന്തല്ലൂരിന്റെ വിവാദ പരാമർശം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടുമെന്നാണ് സത്താർ പന്തല്ലൂരിന്റെ പരാമർശം. മുശാവറ തീരുമാനം അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്കെഎസ്എസ്എഫിനും ആവശ്യമില്ല. സമസ്തയുടെ നേതാക്കളെ കൊച്ചാക്കാൻ ശ്രമിച്ചാൽ അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തും. ഒരു സംഘടനയുടെയും വിരുദ്ധരല്ല ഈ പ്രവർത്തകരെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.
'സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടും'; സത്താർ പന്തല്ലൂർമുസ്ലിം ലീഗിനെ പരോക്ഷമായി ലക്ഷ്യമിട്ടാണ് സത്താർ പന്തല്ലൂരിൻ്റെ പ്രസംഗമെന്നും ഇതിനകം ആരോപണം ഉയർന്നിട്ടുണ്ട്. സമസ്ത അണികൾ വളരെ ആവേശത്തോടെയാണ് പക്ഷെ സത്താർ പന്തല്ലൂരിൻ്റെ പ്രസംഗത്തെ സ്വീകരിച്ചത്. മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചതിൻ്റെ പേരിൽ ജാമിഅഃ നൂരിയ്യ വാർഷിക സമ്മേളനത്തിൽ നിന്ന് മാറ്റി നിർത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സത്താർ പന്തല്ലൂരിൻ്റെ പ്രസംഗം ചർച്ച ചെയ്യപ്പെടുന്നത്. ജാമിയ നൂരിയ്യയിലെ പരിപാടിയിൽ നിന്ന് വിലക്കിയ യുവനേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.
ജാമിഅഃ നൂരിയ്യ വാർഷിക സമ്മേളനത്തിൽ നിന്ന് യുവനേതാക്കളെ വെട്ടി നിരത്തിയതിന് പിന്നിൽ ലീഗ് നേതാക്കളെന്നായിരുന്നു സമസ്തയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. എസ്കെഎസ്എസ്എഫിലെ മറ്റൊരു വിഭാഗം ഈ ആരോപണത്തെ എതിർക്കുകയും ചെയ്തു. സേവ് ജാമിയ എന്ന പേരിൽ മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖ് അലി തങ്ങളെ വിമർശിച്ചു കൊണ്ട് ലഘുലേഖ പുറത്തിറക്കുകയും ചെയ്തു. ജാമിഅഃ ക്യാമ്പസിൽ ലഘുലേഖ വിതരണം ചെയ്തിരുന്നു. ജാമിഅ സമ്മേളനങ്ങളിൽ സ്ഥിരമായി പ്രഭാഷണം നടത്താറുള്ള ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, റഷീദ് ഫൈസി വെള്ളായിക്കോട്, മുസ്തഫ മുണ്ടുപാറ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ എന്നിവരെയാണ് ഒഴിവാക്കിയത്. ജനുവരി മൂന്ന് മുതൽ ഏഴ് വരെയായിരുന്നു ജാമിഅഃ നൂരിയ്യ വാർഷിക സമ്മേളനം.