'വാക്കുകള് മാന്യമാവണം'; കൈവെട്ട് പരാമര്ശത്തില് സത്താര് പന്തല്ലൂരിനെതിരെ ജിഫ്രി മുത്തുകോയ തങ്ങള്

സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന് വരുന്നവരുടെ കൈവെട്ടുമെന്ന സത്താര് പന്തല്ലൂരിന്റെ പരാമര്ശമാണ് വിവാദങ്ങള്ക്ക് വഴിവെച്ചത്

dot image

കാസര്കോട്: സമസ്ത വൈസ് പ്രസിഡന്റ് സത്താര് പന്തല്ലൂരിന്റെ കൈവെട്ട് പ്രസംഗത്തിനെതിരെ സംഘടന പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്. ആവേശവും വികാരവും ഉണ്ടാവുമ്പോള് എന്തെങ്കിലും വിളിച്ച് പറയരുത്. പ്രസംഗിക്കുമ്പോള് ഉപയോഗിക്കുന്ന വാക്കുകള് ശ്രദ്ധിക്കണം. വാക്കുകള് മാന്യമാവണം. ജനങ്ങളെ വെറുപ്പിക്കുന്നതും വിരോധം ഉണ്ടാക്കുന്നതും തമ്മിലടിപ്പിക്കുന്നതും ആവരുത്. കാസര്കോട് മഞ്ചേശ്വരം പൈവളിഗെയില് ഒരു സനദ് ദാന ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന് വരുന്നവരുടെ കൈവെട്ടുമെന്ന സത്താര് പന്തല്ലൂരിന്റെ പരാമര്ശമാണ് വിവാദങ്ങള്ക്ക് വഴിവെച്ചത്. മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപന റാലിയിലായിരുന്നു സത്താര് പന്തല്ലൂരിന്റെ വിവാദ പരാമര്ശം. മുശാവറ തീരുമാനം അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്കെഎസ്എസ്എഫിനും ആവശ്യമില്ല. സമസ്തയുടെ നേതാക്കളെ കൊച്ചാക്കാന് ശ്രമിച്ചാല് അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തും. ഒരു സംഘടനയുടെയും വിരുദ്ധരല്ല ഈ പ്രവര്ത്തകരെന്നും സത്താര് പന്തല്ലൂര് പറഞ്ഞിരുന്നു.

'സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടും'; സത്താർ പന്തല്ലൂർ

സമസ്തയുടെ കേന്ദ്രമുഷാവറ ഒരു കാര്യം പ്രഖ്യാപിച്ചുകഴിഞ്ഞാല് ആ മുഷാവറയുടെ തീരുമാനം അവസാനശ്വാസം വരെ നടപ്പിലാക്കാന് നാം സന്നദ്ധമാകണം. വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേല്പ്പിക്കാനും ആരുവന്നാലും ആ കൈവെട്ടാന് എസ്കെഎസ്എസ്എഫിന്റെ പ്രവര്ത്തകര് മുന്നോട്ടുണ്ടാകും. ഇതിനെ അപമര്യാദയായിട്ട് ആരും കാണേണ്ടതില്ല. സമസ്ത കേരള ജംഇയ്യത്തുല് ഉലമയ്ക്കു വേണ്ടി ജനിച്ച അതിനുവേണ്ടി ജീവിക്കുന്ന അതിനുവേണ്ടി മരിക്കാന് സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രവര്ത്തകരുടെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണ്,സമസ്തയല്ലാതെ മറ്റൊരു പ്രസ്ഥാനത്തോടും യാതൊരുവിധ കൂറുമില്ലായെന്നും സത്താര് പന്തല്ലൂര് വേദിയില് പറഞ്ഞിരുന്നു.

കൈവെട്ട് പരാമര്ശം; സത്താര് പന്തല്ലൂരിനെതിരെ കേസ്

വിവാദപരാമര്ശത്തില് സംഘടനാ വൈസ് പ്രസിഡന്റ് സത്താര് പന്തല്ലൂരിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഐപിസി 153-ാം വകുപ്പ് പ്രകാരം മലപ്പുറം പൊലീസാണ് കേസെടുത്തത്. അഷ്റഫ് കളത്തില് എന്നയാളുടെ പരാതിയിലാണ് കേസ്.

dot image
To advertise here,contact us
dot image