കൊച്ചി: കൊച്ചിയിലെ റീഗൽ ഫ്ലാറ്റിന് മുന്നിലൂടെ ഇല്ലാത്ത വഴി ഉണ്ടെന്ന് കാണിക്കാന് ആധാരത്തില് തിരിമറി നടത്തിയതിന്റെ തെളിവുകള് പുറത്ത്. മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സുമിതാനന്ദൻ ഇല്ലാത്ത റോഡ് ഉണ്ടെന്ന് ആധാരത്തിൽ കാണിച്ചു. റോഡ് ഇല്ലാത്തതിനെത്തുടർന്ന് പൊളിക്കാൻ ഉത്തരവിട്ട റീഗൽ ഫ്ലാറ്റിനടുത്തുള്ള സുമിതാനന്ദൻ്റെ ആധാരത്തിലാണ് ജിസിഡിഎയുടെ റോഡുണ്ടെന്ന് വ്യാജമായി ചേർത്തത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ റോഡുണ്ടാക്കാൻ ശ്രമിച്ച സുമിതാനന്ദൻ്റെ നീക്കങ്ങളുടെ രേഖകൾ റിപ്പോർട്ടറിന് ലഭിച്ചു. റിപ്പോർട്ടർ അന്വേഷണം തുടരുന്നു.
ഇല്ലാത്ത റോഡ് ഉണ്ടാക്കാൻ ജിസിഡിഎയുമായി ചേർന്ന് മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടറും ഫ്ലാറ്റുടമകളും നടത്തിയ അനധികൃത നീക്കങ്ങളുടെ തെളിവുകളാണ് ഇപ്പോള് പുറത്തു വന്നിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഭൂമി എന്നതിന് പകരം അതിരുകളിൽ ജിസിഡിഎ റോഡ് എന്നാണ് സുമിതാനന്ദൻ്റെ ആധാരത്തിൽ എഴുതിയിരിക്കുന്നത്.
റീഗൽ ഫ്ലാറ്റിൻ്റെ പെർമിറ്റിനുള്ള അപേക്ഷയിൽ ഇല്ലാത്ത ഏഴുമീറ്റർ റോഡ് ഉണ്ടെന്ന് വരച്ചുകാണിച്ചിട്ടുണ്ട്. എന്നാല് ഇങ്ങനെയൊരു റോഡ് യഥാർത്ഥത്തിൽ ഇല്ല. വ്യാജ രേഖ ചമച്ച് കെട്ടിട അനുമതി വാങ്ങി എന്ന് ബോധ്യമായതിനെത്തുടർന്ന് കെട്ടിടം പൊളിച്ച് നീക്കാൻ കൊച്ചി കോർപറേഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഫ്ലാറ്റിലേക്ക് ഭൂമി കയ്യേറി റോഡുണ്ടാക്കാനുള്ള നീക്കം ഇപ്പോഴും തുടരുകയാണ്.
മാനദണ്ഡപ്രകാരമുള്ള റോഡ് സൗകര്യമില്ല; റീഗൽ ഫ്ലാറ്റ് കെട്ടിട സമുച്ചയത്തിന് ഫയർ എൻഒസിയും ലഭിച്ചുഭൂമി കയ്യേറി ഇൻ്റർലോക്ക് പാകിയ സ്ഥലം നാല് വർഷം മുമ്പ് പുല്ല് പിടിച്ചു കിടന്നിരുന്ന ഭൂമി ആയിരുന്നു. ജിസിഡിഎ ഭൂമി കയ്യേറി അഞ്ച് മീറ്റർ റോഡ് അനധികൃതമായി നിർമിക്കും മുമ്പ് പിറകിലൂടെയുള്ള നാല് മീറ്റർ വഴിയിലൂടെയായിരുന്നു ഫ്ലാറ്റിലേക്കുള്ള യാത്ര. 2012 ൽ ആണ് മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സുമിതാനന്ദൻ റീഗൽ ഫ്ലാറ്റിനടുത്ത് ഭൂമി വാങ്ങിയത്. പിറകുവശം വഴി നാലേമുക്കാൽ മീറ്റർ വീതിയുള്ള സെൻ്റ് മേരീസ് റോഡാണ് ഇതിലേക്കുള്ള വഴി. സുമിതാനന്ദൻ വാങ്ങിയ ഭൂമിയുടെ 151/1979 എന്ന അടിയാധാരത്തില് പടിഞ്ഞാറ് ഭാഗത്ത് 148 ൽപ്പെട്ട ഭൂമി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇല്ലാത്ത റോഡ് ഉണ്ടെന്ന് ആധാരത്തിൽ, 36 ഉടമകളെ പറ്റിച്ചു; റീഗൽ ഫ്ലാറ്റ് നിർമാതാക്കളുടെ തട്ടിപ്പ്2004 ൽ ഈ ഭൂമി അഡ്വക്കേറ്റ് മുജീബ് വാങ്ങിയെങ്കിലും സുമിതാനന്ദൻ്റെ ആധാരത്തിൽ അത് മറച്ചുവെച്ചു. അതിരുകളിൽ പടിഞ്ഞാറ് ഭാഗം മുജീബിൻ്റെ ഭൂമി എന്നതിന് പകരം ജിസിഡിഎ റോഡ് എന്നാക്കി മാറ്റി. ആധാരത്തിൽ കൃത്രിമം കാണിച്ചു എന്ന് വ്യക്തം. ഇപ്പോഴും മുജീബിൻ്റെ ഭൂമിയിലൂടെ ജിസിഡിഎയുമായി ചേർന്ന് അനധികൃതമായി റോഡുണ്ടാക്കാനുള്ള നീക്കമാണ് സുമിതാ നന്ദനും റീഗൽ ഫ്ലാറ്റ് ഉടമകളും ചേർന്ന് നടത്തുന്നത്.