പാലക്കാട്: വിമത കോണ്ഗ്രസ് നേതാവും മുന് എംഎല്എയുമായ എ വി ഗോപിനാഥിനെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്. ഗോപിനാഥ് നേതൃത്വം നല്കുന്ന പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് വികസന കാര്യങ്ങളില് എല്ഡിഎഫ് സര്ക്കാരിന് മികച്ച പിന്തുണയാണ് നല്കുന്നത്. ഗോപിനാഥ് കാണിക്കുന്ന മാന്യതയ്ക്ക്, സിപിഐഎം അത് തിരിച്ചും കാണിക്കും. എ വി ഗോപിനാഥിന്റെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന പരിപാടികളില് സിപിഐഎം പങ്കെടുക്കുന്നതിന് രാഷ്ട്രീയ മാനങ്ങള് കല്പ്പിക്കേണ്ടതില്ലെന്നും എ കെ ബാലന് അറിയിച്ചു.
'എ വി ഗോപിനാഥ് കോണ്ഗ്രസിന്റെ ശക്തനായ നേതാവായിരിക്കെ ഞങ്ങള് രണ്ട് ധ്രുവത്തിലായിരുന്നു. വികസനം ഉള്പ്പെടെ യോജിക്കാന് കഴിയുന്ന ഒട്ടേറെ മേഖലകള് ഉണ്ട്. അതില് അദ്ദേഹം മാന്യമായ സമീപനം കാട്ടി. തിരിച്ചുംകാട്ടി. ഒരിക്കല് പോലും എല്ഡിഎഫില് വരാനോ സിപിഐഎമ്മില് വരാനോ ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹം ആ രൂപത്തില് ഞങ്ങളെ സമീപിച്ചിട്ടുമില്ല. നടപടി നേരിട്ട കോണ്ഗ്രസുകാരനായി ജീവിക്കുകയാണ്.' എ കെ ബാലന് പറഞ്ഞു.
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്നവ കേരള സദസ്സില് പങ്കെടുത്ത എവി ഗോപിനാഥിനെ പാര്ട്ടി അംഗത്വത്തില് നിന്നും സസ്പെന്ഡ് ചെയ്തതിന് പിന്നാലെ അദ്ദേഹം സിപിഐഎമ്മില് ചേരുകയാണെന്ന അഭ്യൂഹം ശക്തമായിരുന്നു. നവകേരള സദസ്സ് പാലക്കാട് എത്തിയപ്പോഴായിരുന്നു എ വി ഗോപിനാഥ് പ്രഭാതഭക്ഷണ യോഗത്തില് പങ്കെടുത്തത്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന് സുരേഷ് ബാബുവിന് ഒപ്പമാണ് എ വി ഗോപിനാഥ് നവകേരള സദസ്സില് പങ്കെടുക്കാനായി എത്തിയത്. പാലക്കാട് വികസന കാര്യങ്ങള് മുഖ്യമന്ത്രിയുമായി ചര്ച്ച ചെയ്യാനാണ് പരിപാടിക്ക് എത്തിയതെന്നായിരുന്നു വിശദീകരണം.