കൊച്ചി: സൗത്ത് ചിറ്റൂരിലേക്ക് സർവ്വീസ് ഉടൻ ആരംഭിക്കാൻ കൊച്ചി വാട്ടർ മെട്രോ. മന്ത്രി പി രാജീവ് നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. പ്രവർത്തനമാരംഭിച്ച് മാസങ്ങൾക്കകം ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധയാകർഷിച്ച സംസ്ഥാന സർക്കാർ പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ കൂടുതൽ ടെർമിനലുകളിലേക്ക് സർവ്വീസ് വ്യാപിപ്പിക്കാനൊരുങ്ങുന്നതിൻ്റെ ഭാഗമായാണ് പുതിയ തീരുമാനം.
ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്നാണ് സൗത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സർവ്വീസ് വീതം ആരംഭിക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികളുടെ അവലോകനത്തിനായി മന്ത്രി പി രാജീവ് വിളിച്ച യോഗത്തിലാണ് ഇത് തീരുമാനമായത്. കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്ന് പണിപൂർത്തികരിച്ച് നൽകാനുള്ള ബോട്ടുകൾ ലഭിക്കുന്നതനുസരിച്ച് സൗത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ഏലൂർ, ചേരാനെല്ലൂർ റൂട്ടിൽ സർവീസ് ആരംഭിക്കുകയും ചെയ്യാനാണ് തീരുമാനം ആയിരിക്കുന്നത്.
ലഭിക്കാനുള്ള 11 ബോട്ടുകൾ വേഗത്തിൽ നൽകുന്നതിനായി കൊച്ചിൻ ഷിപ്പ് യാർഡ് ചീഫ് മാനേജിംഗ് ഡയറക്ടറുമായി നേരിട്ട് ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. വികസന സാധ്യതകളേറെയുള്ള വാട്ടർ മെട്രോയുടെ സുഗമമായ നടത്തിപ്പിനായി മെട്രോ റെയിലിൽ നിലവിലുള്ളതിന് സമാനമായ നിയമ നിർമ്മാണം നടത്താൻ കെഎംആർഎൽ ജലഗതാഗത വകുപ്പുമായി ചേർന്ന് ചർച്ച നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട് ഇനിഷിയേറ്റീവിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്ന നടപ്പാത, മീഡിയനുകളുടെ നിർമ്മാണത്തിൽ കെഎംആർഎൽ നേരിടുന്ന വെല്ലുവിളികൾ ചർച്ചയായി. വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമായതിനാൽ ആലുവ , കടവന്ത്ര, എസ് എ റോഡ് മേഖലയിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ കെഎംആർഎൽ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ, വിവിധ മുനിസിപ്പാലിറ്റികൾ, മൊബൈൽ സർവ്വീസ് ദാതാക്കൾ എന്നിവരുടെ സഹകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ മന്ത്രി 2026 മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കുവാനുള്ള നടപടികൾ കെഎംആർഎൽ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു.
ഫീഡർ സർവ്വീസുകൾക്കായി കെഎംആർഎൽ വാങ്ങുവാൻ ഉദ്ദേശിക്കുന്ന ഇലക്ട്രിക് ബസ്സുകൾ പൊതുജനങ്ങൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന തരത്തിൽ മെട്രോ സ്റ്റേഷനുകളിൽ നിന്ന് സർവ്വീസ് നടത്തുന്നതിന് ഗതാഗത വകുപ്പുമായി വിഷയം സംസാരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. കനാൽ പുനരുദ്ധാരണ പദ്ധതി വേഗത്തിലാക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കുമെന്നും ഇടപ്പള്ളി കനാൽ, നാല് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ എന്നിവയുടെ നിർമ്മാണത്തിനായുള്ള നടപടികൾ വേഗത്തിലാക്കാൻ കിഫ്ബിയോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. ചിലവന്നൂർ ബണ്ട് റോഡ് പാലം, മാർക്കറ്റ് കനാൽ നവീകരണം എന്നിവ സമയബന്ധിതമായി തീർക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ഫെബ്രുവരിയോടെ പ്രവർത്തന സജ്ജമാക്കുന്നതും ചർച്ചയായി. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം അയ്യമ്പുഴ ഗിഫ്റ്റ് സിറ്റിയുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കണമെന്ന് മന്ത്രി ശ്രീ.പി.രാജീവ് ആവശ്യപ്പെട്ടു. സാങ്കേതിക സാധ്യതകൾ അനുകൂലമാണെങ്കിൽ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന സിയാൽ എയർപോർട്ട് മെട്രോ സ്റ്റേഷൻ ഭൂഗർഭ സ്റ്റേഷനാക്കാവുന്നതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സർവ്വീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ 2022-23 സാമ്പത്തിക വർഷം പ്രവർത്തന ലാഭം നേടാനായതിൽ കെഎംആർഎല്ലിനെ മന്ത്രി അഭിനന്ദിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേൃത്വത്തിൽ നടക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിതല അവലോകന യോഗങ്ങൾ സംഘടിപ്പിക്കാമെന്നുള്ള നിർദ്ദേശവും പി രാജീവ് മുന്നോട്ട് വച്ചു. കെ.എംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ, ഡയറക്ടർമാരായ എസ് അന്നപൂരണി, എം പി രാംനവാസ്, സഞ്ജയ് കുമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.