തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യസമിതി പുനഃസംഘടിപ്പിച്ചു. 36 അംഗ രാഷ്ട്രീയകാര്യ സമിതിയെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. മുതിർന്ന നേതാവ് പി ജെ കുര്യനെ രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും ഒഴിവാക്കി. നാല് വനിതകളാണ് 36 അംഗപട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഷാനി മോൾ ഉസ്മാൻ, പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ, പി കെ ജയലക്ഷ്മി എന്നിവരാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ഇടംപിടിച്ചിരിക്കുന്ന വനിതകൾ. നേരത്തെ ഉണ്ടായിരുന്ന 23 അംഗ രാഷ്ട്രീയകാര്യ സമിതിക്ക് പകരം 36 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ഹൈക്കമാൻഡ് പുതിയ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.
അടൂർ പ്രകാശും ആന്റോ ആന്റണി, എം കെ രാഘവൻ, ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, പത്മജ വേണുഗോപാൽ തുടങ്ങിയവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ജോസഫ് വാഴക്കൻ , എൻ സുബ്രഹ്മണ്യൻ എന്നിവരും സമിതിയിൽ ഇടം നേടിയിട്ടുണ്ട്. കോൺഗ്രസിൽ മടങ്ങിയെത്തിയ ചെറിയാൻ ഫിലിപ്പും രാഷ്ട്രീയകാര്യ സമിതിയിൽ ഇടം നേടിയിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് പുതിയ രാഷ്ട്രീയകാര്യ സമിതിയെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇതിനകം പരാതി ഉയർന്നിട്ടുണ്ട്.