കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതി തടവു ചാടിയ സംഭവം; ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച

ലഹരി ഇടപാട് കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് ജയിലിൽ നിന്നും രക്ഷപ്പെട്ടത്

dot image

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതി തടവു ചാടിയതിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച. പ്രതിയെ പത്രക്കെട്ട് എടുക്കാൻ പുറത്തേക്ക് അയച്ചതിലാണ് ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചത്. ലഹരി ഇടപാട് കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് ജയിലിൽ നിന്നും രക്ഷപ്പെട്ടത്. രണ്ട് ദിവസം കഴിഞ്ഞിട്ടും രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

തടവുചാട്ടം ആസൂത്രിതമെന്ന് വ്യക്തം. ലഹരി ഇടപാട് കേസിൽ പത്തുവർഷം തടവിന് ശിക്ഷിച്ച ചക്കരക്കൽ കോയ്യോട് സ്വദേശി ഹർഷാദാണ് തടവു ചാടിയത്. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതരമായ പിഴവ്. പുറംജോലിക്കും വെൽഫയർ ഡ്യൂട്ടിക്കും ശിക്ഷാ കാലാവധി കഴിയാറായ തടവുകാരെയാണ് നിയോഗിക്കാറുള്ളത്. ഈ മാനദണ്ഡം ലംഘിച്ചാണ് ഹർഷാദിനെ വെൽഫെയർ ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഇതിനിടയിലാണ് പുറത്ത് കാത്തുനിന്ന ബൈക്കിൽ ഹർഷാദ് രക്ഷപ്പെടുന്നത്.

പ്രതി തടവുചാടി രണ്ടുദിവസം കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് മറ്റു സൂചനകൾ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല. ലഹരി കടത്ത് സംഘത്തിന്റെ പിന്തുണയോടെയാണ് ഹർഷാദിന്റെ തടവുചാട്ടം എന്നാണ് നിഗമനം. ജയിലിനു മുന്നിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോയ പ്രതി സംസ്ഥാനം കടന്നതായും സൂചനകളുണ്ട്. ഹർഷാദിനെ അന്വേഷിക്കുന്നതിന് സമാന്തരമായി രക്ഷപ്പെടാൻ സൗകര്യമൊരുക്കിയ ബൈക്കിലെത്തിയ വ്യക്തിയെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നു. തടവു ചാടിയ ഹർഷാദിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.

dot image
To advertise here,contact us
dot image