കെ സ്മാർട്ടിലൂടെ നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിനും വരൻ ശ്രേയസ് മോഹനും എളുപ്പത്തിൽ വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചതായി മന്ത്രി എം ബി രാജേഷ്. കെ സ്മാര്ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില് വധുവരന്മാർക്ക് ഗുരുവായൂര് നഗരസഭയുടെ കൗണ്ടറില് നിന്ന് സര്ട്ടിഫിക്കറ്റ് ലഭിച്ചു. കെ സ്മാർട്ട് നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണെന്ന് എം ബി രാജേഷ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
'ഇന്ന് ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്. കെ സ്മാർട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സർട്ടിഫിക്കറ്റ് ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓൺലൈൻ സർട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്. കെ സ്മാർട്ട് നമ്മുടെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണ്,' എം ബി രാജേഷ് കുറിച്ചു.
'മംഗലം' കൂടാന് വന്ന് മലയാള സിനിമയെ 'ചൊറയാക്കി' മോദിഇന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങുകൾ നടന്നത്. ഇലക്ട്രിക് കാറിലാണ് മോദി ക്ഷേത്രത്തിലെത്തിയത്. മോഹൻലാല്, ഭാര്യ സുചിത്ര, മമ്മൂട്ടി, ഭാര്യ സുല്ഫത്ത്, ബിജു മേനോൻ, സംയുക്ത വര്മ, ഖുശ്ബു, ജയറാം, പാര്വതി തുടങ്ങി നിരവധി പേര് ഗുരുവായൂര് അമ്പലത്തില് വിവാഹ ചടങ്ങിനായി എത്തിയിരുന്നു. കൂടാതെ തലേദിവസവും മമ്മൂട്ടിയും മോഹന്ലാലും കുടുംബവും ഭാഗ്യയ്ക്ക് അനുഗ്രഹവുമായി എത്തിയിരുന്നു.