
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന് രാഹുല് മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില് പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ് നേതാക്കളെ പൊലീസ് മര്ദ്ദിച്ചതില് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ച് കോണ്ഗ്രസ് നേതാവ് വി എം സുധീരന്. അതിക്രമകാരികളായ പൊലീസ് ക്രിമിനലുകളെ സര്വ്വീസില് നിന്നും പിരിച്ചുവിടുകയും ഹൈക്കോടതി സിറ്റിംഗ് ജഡ്ജി തലത്തിലുള്ള ജുഡീഷ്യല് അന്വേഷണം നടത്തണമെന്നും സുധീരന് കത്തിലൂടെ ആവശ്യപ്പെട്ടു.
കത്തിന്റെ പൂര്ണ്ണരൂപം
പ്രിയപ്പെട്ട മുഖ്യമന്ത്രി,
സംസ്ഥാന സര്ക്കാര് അനുവര്ത്തിച്ചുവരുന്ന പകപോക്കല് നയത്തിന്റെ ഫലമായി സംസ്ഥാന യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് രാഹുല് മാങ്കൂട്ടത്തില് തുറുങ്കലടക്കപ്പെട്ടിരിക്കുകയാണല്ലോ.
ഇതില് പ്രതിഷേധിച്ച് കളക്ട്രേറ്റ് മാര്ച്ച് നടത്തിയ ആലപ്പുഴയിലെ യൂത്ത്കോണ്ഗ്രസ് നേതാക്കള്ക്കും പ്രവര്ത്തകര്ക്കും നേരെ അതിക്രൂരമായി അതിക്രമം നടത്തിയ പോലീസ് നടപടി കേരളത്തിന് തീര്ത്താല് തീരാത്ത അപമാനമാണ് വരുത്തിയിട്ടുള്ളത്. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീണിനെ അക്ഷരാര്ത്ഥത്തില് തെരുവുഗുണ്ടകളെപ്പോലും നാണിപ്പിക്കുന്നരീതിയിലാണ് വളഞ്ഞിട്ട് പോലീസ് ആക്രമിച്ചത്. ഇതിന്റെ ഫലമായി തലപൊട്ടിയയിടത്ത് എഴു തുന്നലുണ്ട്. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. ശരീരത്തിലാകെ ലാത്തിപ്പാടുകളുമുണ്ട്. ശരണ്യ, മേഘ എന്നീ സഹോദരിമാരുള്പ്പെടെ പലരുടെയും പരിക്കുകള് ഗുരുതരമാണ്.കൃത്യമായ രാഷ്ട്രീയ നിര്ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കാടന് മര്ദ്ദനമുറയെന്നതില് സംശയമില്ല. ഏതായാലും കേരള പോലീസിന് യൂണിഫോമിലെ 'രാഷ്ട്രീയ ഗുണ്ട'കളെന്ന വിളിപ്പേര് ചാര്ത്തിക്കൊടുക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്.
ഇക്കാര്യത്തില് വകുപ്പുതല അന്വേഷണം നടത്തി അതിക്രമകാരികളായ പോലീസ് ക്രിമിനലുകളെ സര്വ്വീസില് നിന്നും പിരിച്ചുവിട്ടേ മതിയാകൂ. അതോടൊപ്പം ആലപ്പുഴ സംഭവത്തെക്കുറിച്ച് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിതലത്തിലുള്ള ജുഡീഷ്യല് അന്വേഷണം നടത്തേണ്ടതും അനിവാര്യമാണ്. ഇതിനെല്ലാം വേണ്ട നടപടികള് അടിയന്തിരമായി സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു. ക്കാര്യങ്ങളില് വീഴ്ച വരുത്തിയാല് മാപ്പര്ഹിക്കാത്ത കൃത്യവിലോപമാകും അതെന്ന് അറിയിക്കട്ടെ.
സ്നേഹപൂര്വ്വം
വി.എം.സുധീരന്