മലപ്പുറം: സമസ്ത നേതാക്കൾക്കെതിരായ ഭീഷണി കത്ത് താനെഴുതിയതാണെന്ന ആരോപണം നിഷേധിച്ച് സത്താർ പന്തല്ലൂർ. പാണക്കാട് സമീറലി തങ്ങളുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് സത്താർ പന്തല്ലൂർ വ്യക്തമാക്കിയിരിക്കുന്നത്. വില കുറഞ്ഞ ആരോപണങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കാനുള്ള ആഗ്രഹമോ മറ്റുള്ളവരുടെ പ്രേരണയോ ആണ് ആരോപണത്തിന് പിന്നിൽ എന്നും സത്താർ പന്തല്ലൂർ വ്യക്തമാക്കിയിട്ടുണ്ട്.
പരിധി വിട്ട് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. സമസ്ത നേതാക്കളെ ഭീഷണിപ്പെടുത്തി കത്ത് എഴുതിയതിന് പിന്നിൽ സത്താർ പന്തല്ലൂർ ആണന്നായിരുന്നു പാണക്കാട് സമീറലി തങ്ങളുടെ ആരോപണം. എസ്കെഎസ്എസ്എഫ് മുൻ ഭാരവാഹിയും പാണക്കാട് കുടുംബാംഗവുമാണ് സമീറലി തങ്ങൾ.
നേരത്തെ വിവാദ പ്രസംഗത്തില് എസ്കെഎസ്എസ്എഫ് വൈസ് പ്രസിഡന്റ് സത്താര് പന്തല്ലൂരിനെ പിന്തുണച്ചു ഒരു വിഭാഗം സമസ്ത നേതാക്കൾ രംഗത്തെത്തിയിരുന്നു. ഉമര് ഫൈസി മുക്കം,എ വി അബ്ദുറഹ്മാന് മുസ്ലിയാര്, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവരാണ് സത്താർ പന്തല്ലൂരിന് അനുകൂലമായി സംയുക്ത പ്രസ്താവന ഇറക്കിയത്. ആലങ്കാരികമായി ഉപയോഗിച്ച വാക്കിന്റെ അര്ത്ഥം ഉള്ക്കൊള്ളാതെ ചിലര് ദുഷ്പ്രചാരണം നടത്തി. മുസ്ലിം സമുദായത്തില് എക്കാലത്തും ഭിന്നത ഉണ്ടാക്കിയ കേന്ദ്രങ്ങളാണ് ഇതിനു പിന്നിലെന്നും പ്രസ്താവന ചൂണ്ടിക്കാണിച്ചിരുന്നു. പ്രസംഗം ഇതര മതസ്ഥര്ക്കെതിരായ പ്രചാരണമാണെന്ന് തെറ്റുദ്ധരിപ്പിക്കാന് കൂട്ട് നിന്നവര് മാപ്പ് പറയണമെന്നും പ്രസ്താവന ആവശ്യപ്പെട്ടിരുന്നു.
സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന് വരുന്നവരുടെ കൈവെട്ടുമെന്ന സത്താര് പന്തല്ലൂരിന്റെ പരാമര്ശമാണ് വിവാദങ്ങള്ക്ക് വഴിവെച്ചത്. മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപന റാലിയിലായിരുന്നു സത്താര് പന്തല്ലൂരിന്റെ വിവാദ പരാമര്ശം. മുശാവറ തീരുമാനം അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്കെഎസ്എസ്എഫിനും ആവശ്യമില്ല. സമസ്തയുടെ നേതാക്കളെ കൊച്ചാക്കാന് ശ്രമിച്ചാല് അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തും. ഒരു സംഘടനയുടെയും വിരുദ്ധരല്ല ഈ പ്രവര്ത്തകരെന്നും സത്താര് പന്തല്ലൂര് പറഞ്ഞിരുന്നു.