പത്തനംതിട്ട: ഒരു മന്ത്രി ആകണമെങ്കിൽ കുറച്ചുകാലം പാർട്ടിക്കുവേണ്ടി കഷ്ടപ്പെടണമെന്ന് മുൻ മന്ത്രി ജി സുധാകരൻ. നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിസ്ഥാനം ലഭിക്കുന്നതിനുള്ള യോഗ്യത. ഒരു ലാത്തിയെങ്കിലും ദേഹത്ത് കൊള്ളണമെന്നും സുധാകരൻ ചൂണ്ടിക്കാണിച്ചു. ആരാ ഈ ടീച്ചറമ്മയെന്ന് ചോദിച്ച സുധാകരൻ രചനകളിൽ യഥാർത്ഥ പേര് പറഞ്ഞാൽ മതിയെന്നും പറഞ്ഞു. തിരുവല്ലയിൽ കേരള കോൺഗ്രസ് നേതാവ് ജോസഫ് എം.പുതുശ്ശേരിയുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു കെ കെ ശൈലജയെ ജി സുധാകരൻ പരോക്ഷമായി വിമർശിച്ചത്.
കേരളത്തിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ കേരളത്തിൽ വളർന്നുവരുന്നു. നെൽപ്പാടങ്ങൾ സംരക്ഷിക്കപ്പെടണം. വില്ലേജ് ഓഫീസർക്ക് കാശു കൊടുത്താൽ കാര്യം സാധിക്കുന്ന അവസ്ഥയാണുള്ളത്. വി ഡി സതീശന്റെ പ്രസംഗം നിയമസഭയിൽ ശ്വാസമടക്കി കേട്ടിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
കൃഷി മന്ത്രിമാർ കൃഷിയെപ്പറ്റി ഘോരഘോരം പ്രസംഗിക്കുമെന്നും എന്നാൽ വാക്കുകൾ പ്രാവർത്തികമാക്കുന്നില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി. വാഗ്ദാനങ്ങൾ പൊള്ളയാകുന്നു. രാഷ്ട്രീയ പ്രവർത്തനത്തിൽ കിട്ടുന്ന പോസ്റ്റ് പരമാവധി പ്രയോജനപ്പെടുത്തണം. സ്ഥാനം കിട്ടിയാൽ മുകളിലിരുന്ന് നിരങ്ങാൻ പാടില്ല. കിട്ടിയ അധികാരം ഫലപ്രദമായി വിനിയോഗിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. പാർട്ടിയിൽ അച്ചടക്കത്തിന് പ്രാധാന്യമുണ്ട്. മനസ്സിൽ എതിരഭിപ്രായം ഉണ്ടെങ്കിലും അച്ചടക്കമുള്ളതിനാൽ മിണ്ടാതിരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. എം ടി പഠിപ്പിക്കാൻ വരേണ്ട എന്ന് പറഞ്ഞിട്ടില്ല. ഒളിഞ്ഞു നിന്ന് താൻ അഭിപ്രായം പറയില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി.