നീലഗിരി: തമിഴ്നാട്ടിലെ നീലഗിരി ജില്ല അതിശൈത്യത്തിൻ്റെ പിടിയിൽ. ഊട്ടിയിലെ പുൽത്തകിടികളെല്ലാം മഞ്ഞ് മൂടിയിരിക്കുകയാണ്. അതിശൈത്യത്തെ തുടർന്ന് ജില്ലയിൽ ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം ഊട്ടിയിലെ കാന്തലിലും തലൈകുന്തയിലും ഒരു ഡിഗ്രി സെൽഷ്യസും ബൊട്ടാണിക്കൽ ഗാർഡനിൽ 2 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില. സാൻഡിനല്ലെയിലെ താപനില 3 ഡിഗ്രി സെൽഷ്യസാണ്.
കാലം തെറ്റിയെത്തിയ തണുപ്പിൻ്റെ കാഠിന്യത്തിൽ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും ആശങ്കയിലാണ്. ആഗോളതാപനവും എൽ-നിനോ പ്രഭാവവുമാണ് ഈ മാറ്റത്തിന് കാരണമെന്ന് നീലഗിരി എൻവിറോമെന്റ് സോഷ്യൽ ട്രസ്റ്റിലെ (നെസ്റ്റ്) വി ശിവദാസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തവണ ശൈത്യകാലം തുടങ്ങാൻ വൈകിയെന്നും ഇത്തരമൊരു കാലാവസ്ഥാ വ്യതിയാനം നീലഗിരിക്ക് വലിയ വെല്ലുവിളിയാണെന്നും ഇതേക്കുറിച്ച് പഠനം നടത്തണമെന്നുമാണ് വി ശിവദാസൻ്റെ നിലപാട്. ശൈത്യം കഠിനമായതോടെ നീലഗിരി ജില്ലയിലെ തേയില കൃഷിയും പ്രതിസന്ധിയിലായതായാണ് റിപ്പോർട്ട്.
ഡിസംബറിലെ കനത്ത മഴയും പിന്നാലെത്തിയ കൊടും തണുപ്പും തേയില കൃഷിയെയും തൊഴിലാളികളെയും ബാധിച്ചതായി പ്രാദേശിക തേയില തൊഴിലാളി യൂണിയൻ സെക്രട്ടറി ആർ സുകുമാരനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അതിശൈത്യം തുടർന്നുള്ള ഉൽപ്പാദനത്തെ ബാധിക്കുമെന്ന ആശങ്കയും തൊഴിലാളികൾക്കിടയിലുണ്ട്. നീലഗിരിയിലെ പച്ചക്കറി കൃഷിയെയും അതിശൈത്യം ബാധിച്ചിട്ടുണ്ട്. കാബേജ് കൃഷിക്ക് അതികഠിനമായ ശൈത്യകാലം തിരിച്ചടിയാകുന്നതായി പച്ചക്കറി കർഷകരും പറയുന്നു. രാവിലെയുള്ള അതികഠിനമായ തണുപ്പ് കാരണം തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ ബുദ്ധിമുട്ടുള്ളതായും റിപ്പോർട്ടുണ്ട്.