സ്വകാര്യ ഭൂമി കയ്യേറി മണപ്പുറം ഫിനാൻസ് നിർമ്മിച്ച താൽക്കാലിക മതിൽ നാട്ടുകാർ പൊളിച്ചുമാറ്റി

മണപ്പുറം ഫിനാൻസിൻ്റെ ഉടമസ്ഥതയിലുള്ള സ്കൂളിലേക്കുള്ള റോഡിന് വീതി കൂട്ടുന്നതിനാണ് സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിച്ച് നീക്കി ഒരൊറ്റ പകൽ കൊണ്ട് താൽക്കാലിക മതിൽ പണിതത്

dot image

തൃശ്ശൂർ: വലപ്പാട്ട് മണപ്പുറം ഫിനാൻസ് സ്വകാര്യ ഭൂമി കയ്യേറി നിർമിച്ച താൽക്കാലിക മതിൽ നാട്ടുകാർ സംഘടിച്ച് പൊളിച്ചുമാറ്റി. മണപ്പുറം ഫിനാൻസിൻ്റെ ഉടമസ്ഥതയിലുള്ള സ്കൂളിലേക്കുള്ള റോഡിന് വീതി കൂട്ടുന്നതിനാണ് സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിച്ച് നീക്കി ഒരൊറ്റ പകൽ കൊണ്ട് താൽക്കാലിക മതിൽ പണിതത്.

രണ്ടാഴ്ച മുമ്പാണ് പ്രേംദാസിൻ്റെ ഭൂമി കയ്യേറി മതിൽ പൊളിച്ചത്. മതിൽ പൊളിച്ച് നീക്കി അവശിഷ്ടം അടക്കം കൊണ്ടുപോയി താൽക്കാലിക മതിൽ നിർമിക്കുകയായിരുന്നു. പ്രേംദാസും ഭാര്യയും വീട്ടിൽ ഇല്ലാത്തപ്പോഴായിരുന്നു കയ്യേറ്റം. മണപ്പുറം ഫിനാൻസിൻ്റെ ഉടമസ്ഥതയിലുള്ള സ്കൂളിലേക്കുള്ള റോഡിൻ്റെ വീതി കൂട്ടുകയായിരുന്നു ലക്ഷ്യം. പത്തടി ഉണ്ടായിരുന്ന വഴി രണ്ട് അടി കയ്യേറി 12 അടിയാക്കുകയായിരുന്നു. വാർത്ത റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നതോടെ പ്രേംദാസിൻ്റെ സുഹൃത്തുക്കളും നാട്ടുകാരും സംഘടിച്ച് പ്രേംദാസിൻ്റെ ഭൂമിയിൽ സ്ഥാപിച്ച താൽക്കാലിക മതിൽ പൊളിച്ചുനീക്കുകയായിരുന്നു.

മണപ്പുറം ഫിനാൻസ് തൃശ്ശൂരിലും ഭൂമി കൈയ്യേറി

പ്രേംദാസിൻ്റെ ഭൂമിയുടെ അടിയാധാരത്തിലടക്കം പത്തടി എന്നാണ് വഴി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മണപ്പുറം ഫിനാൻസ് സ്കൂളിന് വേണ്ടി ഭൂമി വാങ്ങിയപ്പോൾ ആധാരത്തിൽ പന്ത്രണ്ട് അടിയാക്കി. പ്രേംദാസിൻ്റെ സമ്മതത്തോടെ ചെയ്തെന്നായിരുന്നു മണപ്പുറം ഫിനാൻസിൻ്റെ വിശദീകരണം. എന്നാൽ അങ്ങനെ സംഭവം ഉണ്ടായിട്ടില്ലെന്നും ഭൂമി കയ്യേറുകയായിരുന്നു എന്നാണ് പ്രേംദാസ് പറയുന്നത്. ഭൂമി കയ്യേറി മതിൽ പൊളിച്ചതിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തില്ല.

dot image
To advertise here,contact us
dot image