രൺജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; കോടതി നടപടി സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ

ഭീകരവാദത്തിനും ഭീകരവാദികൾക്കും കിട്ടിയ ശക്തമായ തിരിച്ചടിയാണ് വിധി

dot image

തിരുവനന്തപുരം: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ രൺജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നടപടിയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രൺജിത്തിനെ വീട്ടിൽ കയറി ക്രൂരമായി കൊല ചെയ്ത കേസിലെ പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരവാദികളും കുറ്റക്കാരാണെന്ന മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയെയാണ് ബിജെപി അധ്യക്ഷൻ സ്വാഗതം ചെയ്തത്. ഭീകരവാദത്തിനും ഭീകരവാദികൾക്കും കിട്ടിയ ശക്തമായ തിരിച്ചടിയാണിതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പ്രതികൾക്ക് ഏറ്റവും ഉചിതമായ ശിക്ഷ തന്നെ കോടതി വിധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പോപ്പുലർ ഫ്രണ്ട് രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നതിനൊപ്പം പ്രമുഖരായ രാഷ്ട്രീയ-മതനേതാക്കളെയും വകവരുത്താൻ പരിശീലന ക്യാമ്പുകൾ നടത്തിയിരുന്നുവെന്നതിന് ഉദാഹരണമാണ് രൺജിത്തിന്റെ കൊലപാതകം. ഐഎസ് ഐഎസ് പോലെയുള്ള ഭീകരസംഘത്തിന്റെ മാതൃകയിലാണ് രൺജിത്തിനെയും പാലക്കാട്ടെ ശ്രീനിവാസനെയും പോപ്പുലർ ഫ്രണ്ടുകാർ വധിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.

പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചതുകൊണ്ട് മാത്രമാണ് കേരളത്തിൽ വലിയൊരു രക്തചൊരിച്ചിൽ ഒഴിവായത്. എന്നാൽ സംസ്ഥാന സർക്കാർ ഇവരോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. നിരോധനത്തിന് ശേഷവും പോപ്പുലർ ഫ്രണ്ടുകാർ കേരളത്തിൽ രഹസ്യമായി പ്രവർത്തിക്കുന്നത് പൗരൻമാരുടെ ജീവനും രാജ്യസുരക്ഷയ്ക്കും ഭീഷണിയാണ്. രൺജിത്ത് ശ്രീനിവാസൻ്റെ കുടുംബത്തിന് നീതി ലഭിക്കാൻ കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരും പ്രതിജ്ഞാബദ്ധരാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധത്തിൽ 15 പ്രതികളും കുറ്റക്കാരാണെന്ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞിരുന്നു. കേസിൽ പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ചയാണ്. എട്ടുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും എല്ലാ പ്രതികളും ഗൂഡാലോചനയുടെ ഭാഗമാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.

നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദ്ദീൻ, മൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവരാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയ പ്രതികൾ. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം.

15 പ്രതികൾക്കും കൊലപാതക കുറ്റം ബാധകമാണ്. ഇവർ സംശയാസ്പദമായി കുറ്റവാളികൾ ആണെന്ന് തെളിയിക്കപ്പെട്ടു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾ നേരിട്ടു കൊലപാതകത്തിൽ പങ്കെടുത്തു. എട്ടു മുതൽ 12 വരെയുള്ളവർ വീടിന്റെ മുൻപിൽ നിന്നും സഹായിച്ചു. 13, 14, 15 പ്രതികൾ ഗൂഢാലോചന നടത്തിയെന്നും തെളിവ് നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ പ്രതാപ് ജി പടിക്കൽ പറഞ്ഞു.

ഒന്നു മുതൽ 15 വരെയുള്ള കുറ്റവാളികൾക്കും കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട ശ്രീനിവാസന്റെ ശരീരത്തിൽ 56 ഓളം മുറിവുകൾ ഉണ്ടായി. ശവസംസ്കാര ചടങ്ങ് പോലും നടത്താൻ പറ്റാത്ത രീതിയിൽ ശരീരം വികൃതമായി. കൊല്ലപ്പെടേണ്ടവരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയത് പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇത് നിർണായക തെളിവായി. പ്രതിയുടെ ഭാര്യയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us