മലപ്പുറം: മുസ്ലിം ലീഗ് സമസ്തയെ തകര്ക്കുന്നുവെന്ന മന്ത്രി വി അബ്ദുറഹ്മാന്റെ പരാമര്ശം തള്ളി സമസ്ത കേരള ജംഇയത്തുല് ഉലമ അദ്ധ്യക്ഷന് ജിഫ്രി മുത്തുക്കോയ തങ്ങള്. സമസ്തയെ തകര്ക്കാന് ആര്ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്ട്ടര് ടിവിയുടെ 'പ്രസ് കോണ്ഫറന്സ്' പരിപാടിയില് ലീഗ് സമസ്തയെ തകര്ക്കാന് ശ്രമിക്കുകയാണെന്നും മഹത്തുക്കളെ ബഹുമാനിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു.
ആരും ആരെയും തകര്ക്കുന്നില്ല. മുസ്ലീം ലീഗിന് ആരെയും തകര്ക്കണമെന്ന് വിശ്വാസമില്ല. സമസ്തയെ ആരും തകര്ക്കുമെന്ന വിശ്വാസവുമില്ല. സമസ്തയെ തകര്ക്കാന് ആര്ക്കും പറ്റുകയില്ലന്നും ജിഫ്രി തങ്ങള് പറഞ്ഞു. മുഈനലി തങ്ങള്ക്ക് എന്നല്ല ഒരാള്ക്കും ഭീഷണി വരാന് പാടില്ല. ഭീഷണി വന്നാല് ചിലപ്പോള് പ്രതികരിക്കേണ്ടി വരുമെന്നും ജിഫ്രി തങ്ങള് പറഞ്ഞു.
സത്താര് പന്തല്ലൂരിന്റെകൈവെട്ട് പരാമര്ശത്തിലും ജിഫ്രി തങ്ങള് പ്രതികരിച്ചു. കൈവെട്ടും എന്നതൊന്നും പറഞ്ഞത് ആകില്ല. പ്രസംഗത്തിന് പൊടിപ്പ് കൂട്ടാന് വേണ്ടി പറഞ്ഞതാകും. വാക്കുകള് ശ്രദ്ധിച്ചു പ്രയോഗിക്കണമെന്നും ജിഫ്രി തങ്ങള് പറഞ്ഞു.
ജാമിഅഃ സമ്മേളനത്തില് നിന്ന് യുവ നേതാക്കളെ മാറ്റി നിര്ത്തിയ സംഭവത്തില് അതിന് മറുപടി പറയേണ്ടത് ഞാനല്ല. ജാമിഅഃ കമ്മിറ്റി മറുപടി പറയട്ടെ. പ്രോഗ്രാം ലിസ്റ്റ് തയ്യാറാക്കുന്നത് ജാമിഅ കമ്മിറ്റിയാണ്. അത് ചിലപ്പോള് അങ്ങനെ സംഭവിച്ചു പോയതാകാമെന്നും ജിഫ്രി തങ്ങള് പറഞ്ഞു.