തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തതിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതപരമായ ചടങ്ങ് സർക്കാർ പരിപാടിയായി മാറിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മതവും രാഷ്ട്രീയവും തമ്മിലെ വേർതിരിവ് നേർത്ത് വരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പലർക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചു. എന്നാൽ ചിലർ ക്ഷണം നിരസിച്ചതിലൂടെ ഭരണഘടനാ ബാധ്യത ഉയർത്തി പിടിച്ചു. മതേതരത്വമാണ് രാജ്യത്തിൻ്റെ ആത്മാവ്. ഈ രാജ്യം എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഒരു മതത്തിന് മുകളിൽ മറ്റ് ഒരു മതത്തെ പ്രോത്സാഹിപ്പിക്കരുത്. ഭരണഘടനാ ചുമതലയുള്ളവർ മതപരമായ ചടങ്ങിൽ പങ്കെടുക്കരുത് എന്ന് ഭരണഘടന നിർമാതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. അതിൽ നിന്ന് പ്രകടമായ മാറ്റം സംഭവിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോധ്യയിലെ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. 121 ആചാര്യന്മാർ ചേർന്ന് രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു. ചടങ്ങുകൾക്ക് ശേഷം മോദി അതിഥികളെ അഭിസംബോധന ചെയ്തു. അഞ്ച് വയസുള്ള ബാലനായ രാമനാണ് അയോധ്യയിലെ പ്രതിഷ്ഠ. താൽക്കാലിക ക്ഷേത്രത്തിൽ ആരാധിച്ചിരുന്ന രാംലല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. കൃഷ്ണശിലയിൽ തീർത്തതാണ് രാംലല്ല.
പുതിയ കാലചക്രത്തിൻ്റെ ഉദയമെന്നും ഇതിഹാസം രചിച്ചിരിക്കുകയാണെന്നുമാണ് പ്രതിഷ്ഠാ ചടങ്ങിന് ശേഷം മോദി പ്രതികരിച്ചത്. രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുകയാണ്. വൈകിട്ട് വീടുകളിൽ വിളക്ക് കത്തിക്കണം. രാമ ക്ഷേത്രങ്ങളിൽ ദർശനം നടത്താനായത് പുണ്യമാണ്. രാമൻ നീതിയും നിത്യതയുമാണെന്നും മോദി പറഞ്ഞു.