ഇഡി അയച്ച സമൻസ് കോടതി വിധിയുടെ അന്തഃസത്തയ്ക്ക് വിരുദ്ധം: തോമസ് ഐസക്ക്

'ഇ ഡി ചോദിച്ച രേഖകളെല്ലാം കിഫ്ബി കൊടുത്തിട്ടുണ്ട്. ഇനി എന്താണ് പുതുതായി കൊടുക്കേണ്ടത്'

dot image

പത്തനംതിട്ട: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസ് കോടതി വിധിയുടെ അന്തഃസത്തയ്ക്ക് എതിരാണെന്ന് അഭിപ്രായപ്പെട്ട് മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. സമൻസ് അയയ്ക്കുന്നതിൽ നിന്ന് ഇഡി പിൻവാങ്ങണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു. ബോർഡ് ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കോ വൈസ് ചെയർമാൻ എന്ന നിലയിൽ ധനവകുപ്പ് മന്ത്രിക്കോ വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. ഡയറക്ടർ ബോർഡിൻ്റേയോ എക്സിക്യൂട്ടീവ് കമ്മിറ്റിയുടേയോ കൂട്ടായ തീരുമാനമാണ് നടപ്പാക്കുന്നത്. രേഖകളുടെ കസ്റ്റോഡിയൻ മുഖ്യമന്ത്രിയോ ധനമന്ത്രിയോ അല്ല മറിച്ച് കമ്മിറ്റിയാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

എല്ലാ കണക്കും രേഖകളും കിഫ്ബി ഹാജരാക്കും.ചെയർമാനോ വൈസ് ചെയർമാനോ വ്യക്തിപരമായി രേഖകൾ കൈമാറേണ്ടതില്ല. കിഫ്ബി കേസിന് പോയിട്ടുണ്ട്. ഇ ഡി ചോദിച്ച രേഖകളെല്ലാം കിഫ്ബി കൊടുത്തിട്ടുണ്ട്. ഇനി എന്താണ് പുതുതായി കൊടുക്കേണ്ടതെന്നും തോമസ് ഐസക്ക് ചോദിച്ചു. താൻ ഉത്തരവാദിത്വത്തിൽ നിന്ന് കൈ കഴുകുകയല്ലെന്ന് വ്യക്തമാക്കിയ തോമസ് ഐസക്ക് മുഖ്യമന്ത്രിയ്ക്കും ധനമന്ത്രിക്കും എക്സ് ഓഫീഷ്യൽ സ്ഥാനങ്ങളാണുള്ളതെന്നും ചൂണ്ടിക്കാണിച്ചു.

തെരഞ്ഞെടുപ്പ് അടുക്കും തോറും മോദിക്ക് പണ്ടില്ലാത്ത ഒരു പേടിയുണ്ട്. എങ്ങനെ മനുഷ്യനെ താറടിക്കാം എന്നാണ് ഇഡി നോക്കുന്നത്. ഈ തിരിച്ചറിവ് ഇല്ലാത്തത് കോൺഗ്രസിന് മാത്രമാണ്. നിയമലംഘനം എന്തെന്ന് പറഞ്ഞാൽ ഇ ഡിക്ക് മുന്നിൽ ഹാജരാകാനും വിശദീകരണം നൽകാനും തയ്യാറാണ്. ഒന്നര വർഷം കണ്ടെത്താനാകാത്ത എന്ത് തെളിവാണ് ഇനി ഇ ഡി കണ്ടെത്തുക. ഇ ഡി ഈ പണി അവസാനിപ്പിക്കുന്നതാണ് നല്ലത്. മണിലോൻഡറിങ്ങ് അല്ലാത്തതിനാൽ അറസ്റ്റ് ചെയ്ത് ശരിപ്പെടുത്തിക്കളയാമെന്ന് ഇ ഡി കരുതേണ്ട. ഇ ഡിക്ക് താൻ വഴങ്ങില്ലെന്നും അത് പേടിയില്ലെന്നും ഡോ. തോമസ് ഐസക് വ്യക്തമാക്കി.

കിഫ്ബി മസാല ബോണ്ട് കേസിൽ മുന് ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന് നേരത്തെ രണ്ട് തവണ ഇഡി സമൻസ് അയച്ചിരുന്നു. ഏറ്റവും ഒടുവിൽ ഈ മാസം 22ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനായിരുന്നു. നേരത്തെ വ്യക്തിഗത വിവരങ്ങൾ ആരായുന്ന ഇഡി സമൻസിനെതിരെ ഐസക്ക് കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് കോടതി തീർപ്പാക്കിയതിന് ശേഷമാണ് വീണ്ടും രണ്ട് തവണ ഐസക്കിന് ഇഡി സമൻസ് അയച്ചിരിക്കുന്നത്. നേരത്തെ സിപിഐഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനുണ്ടെന്ന കാരണംചൂണ്ടിക്കാണിച്ചായിരുന്നു ഐസക് ഇഡിക്ക് മുന്നിൽ ഹാജരാകാതിരുന്നത്.

ചട്ടം ലംഘിച്ച് പണം വകമാറ്റി ചെലവഴിച്ചതായി ലഭ്യമായ തെളിവുകളിൽ നിന്നു വ്യക്തമാണെന്നാണ് ഇ ഡിയുടെ നിലപാട്. കേരളത്തിലെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾക്കാണു കിഫ്ബിയിൽ നിന്നുള്ള പണം വിനിയോഗിച്ചതെന്നും വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്നുമാണ് കിഫ്ബിയുടെ വാദം. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘനം അന്വേഷിക്കാനെന്ന പേരിൽ ഒന്നരവർഷമായി ഇഡി കിഫ്ബി ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുകയാണെന്ന് കാണിച്ച് കിഫ്ബിയും തോമസ് ഐസക്കും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തോമസ് ഐസക്കിനെ ചോദ്യം ചെയ്യാതെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാടിലാണ് ഇഡി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us