രാം കെ നാം അതേ സ്ഥലത്ത് തന്നെ പ്രദർശിപ്പിക്കും; തടയാനാണ് ഉദ്ദേശമെങ്കിൽ നേരിൽ കാണാം: ജെയ്ക് സി തോമസ്

സംഘപരിവാർ പ്രചരിപ്പിക്കുന്ന യുക്തികൾക്കപ്പുറം സത്യസന്ധമായ ചരിത്ര വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന ഒരു രേഖയായി റാം കെ നാം നമുക്ക് മുന്നിലുണ്ട്

dot image

കോട്ടയം: കെ ആര് നാരായണന് ഇന്സ്റ്റിറ്റ്യൂട്ടില് റാം കെ നാം ഡോക്യുമെന്ററി പ്രദര്ശനം തടഞ്ഞ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ജെയ്ക് സി തോമസ്. പ്രദർശനം തടഞ്ഞ അതേ സ്ഥലത്തുതന്നെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നും ജെയ്ക് മാധ്യമങ്ങളോട് പ്രതികരിച്ചു. സംഘപരിവാർ പ്രചരിപ്പിക്കുന്ന യുക്തികൾക്കപ്പുറം സത്യസന്ധമായ ചരിത്ര വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന ഒരു രേഖയായി റാം കെ നാം നമുക്ക് മുന്നിലുണ്ട്. അതുകൊണ്ടാണ് അതിന്റെ പ്രദർശനത്തെ തടസപ്പെടുത്താനും ഇല്ലായ്മ ചെയ്യാനും സംഘപരിവാർ ശ്രമിക്കുന്നത്. പക്ഷെ ആ പരിപ്പ് കേരളത്തിൽ വേവില്ലെന്നും ജെയ്ക് മാധ്യമങ്ങളോട് പ്രതികരിച്ചു.

ജെയ്കിന്റെ വാക്കുകൾ

കോട്ടയത്തെ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ റാം കെ നാം പ്രദർശിപ്പിച്ചത് ചുമരെഴുത്തും,പോസ്റ്റർ പ്രചാരണവുമൊക്കെ നടത്തിയ ശേഷമാണ്. എന്നാൽ അവിടെയുള്ള ഏതാനും ചില ആളുകൾ, സംഘപരിവാർ രാഷ്ട്രീയത്തിന്റെ പ്രചാരകർ സമീപപ്രദേശങ്ങളിൽ നിന്നടക്കം സംഘടിച്ചെത്തുകയും വിദ്യാർത്ഥികളുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള ശ്രമത്തെ കയ്യൂക്കിന്റെ ബലത്തിൽ തടയുകയും ചെയ്തു. ഒടുവിലാ പ്രദർശനം പൂർത്തീകരിക്കാനാകാതെ അവസാനിപ്പിക്കുകയാണ് ചെയ്തത്. ഇത് മുൻകൂട്ടി നിശ്ചയിച്ച രാഷ്ട്രീയ ബോധ്യങ്ങളുടെ ഭാഗമാണ്.

കാരണം ആനന്ദ് പട്വർധൻ 1992-ൽ അയോധ്യയിലെ ബാബരിയിലെ ഈ ചരിത്ര സത്യങ്ങളെക്കുറിച്ച് അന്വേഷണാത്മകമായ നിലയിൽ സമഗ്രമായ കാഴ്ചപ്പാടോടുകൂടിയാണ് ഈ ഡോക്യുമെന്ററി നിർമിച്ചിട്ടുള്ളത്. അന്നുതന്നെ വ്യാപകമായി അംഗീകരിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു. സംഘപരിവാർ പ്രചരിപ്പിക്കുന്ന യുക്തികൾക്കപ്പുറം സത്യസന്ധമായ ചരിത്ര വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന ഒരു രേഖയായാണ് റാം കെ നാം എന്ന ഡോക്യുമെന്ററി നമുക്ക് മുന്നിലുള്ളത്. അതുകൊണ്ടാണ് അതിന്റെ പ്രദർശനത്തെ തടസപ്പെടുത്താനും ഇല്ലായ്മ ചെയ്യാനും സംഘപരിവാർ ശ്രമിക്കുന്നത്. പക്ഷെ ആ പരിപ്പ് കേരളത്തിൽ വേവില്ല. ഇവിടെ എവിടെയും റാം കെ നാം പ്രദർശിപ്പിക്കാനാഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഡിവൈഎഫ്ഐ ഒരുക്കും. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് വൈകുന്നേരം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദർശിപ്പിക്കും. തടയാമെന്നാണ് ഉദ്ദേശമെങ്കിൽ അതങ്ങനെ തന്നെ നേരിൽ കാണാം.

കഴിഞ്ഞ ദിവസമാണ് കോട്ടയം കെ ആര് നാരായണന് ഇന്സ്റ്റിറ്റ്യൂട്ടില് റാം കെ നാം ഡോക്യുമെന്ററി പ്രദര്ശനം തടഞ്ഞത്. ബിജെപി പ്രവര്ത്തകര് ഭീഷണിപ്പെടുത്തിയതായും വിദ്യാര്ഥികള് ആരോപിക്കുന്നു. സ്റ്റുഡന്സ് കൗണ്സിലിന്റെ നേതൃത്വത്തിലാണ് ക്യാമ്പസ് കവാടത്തില് പ്രദര്ശനം ക്രമീകരിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us