കണ്ടല ബാങ്ക്: ഭാസുംരാംഗൻ്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

1.02 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്

dot image

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയായ എൻ ഭാസുംരാംഗന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 1.02 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുക്കളാണിത്. 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാടിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരിൽ എടുത്ത വായ്പയാണിതെന്നാണ് ഇ ഡി ആരോപിക്കുന്നത്. രണ്ടുമാസമായി എൻ ഭാസുരാംഗനും മകൻ അഖിൽജിത്തും റിമാൻഡിലാണ്.

കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് സഹകരണവകുപ്പ് കണ്ടെത്തിയിരുന്നു. പ്രാഥമിക കുറ്റപത്രത്തിൽ ഭാസുരാംഗനും മകനുമടക്കം ആറ് പ്രതികളാണുള്ളത്. 30 വർഷത്തോളം ബാങ്ക് പ്രസിഡണ്ടായിരുന്നു ഭാസുരാംഗൻ. കേസിൽ ഇഡി അന്വേഷണം തുടരുകയാണ്.

വ്യാജരേഖ ചമച്ച് പ്രസിഡന്റായ ബാങ്കിൽ നിന്ന് എടുത്ത വായ്പ മകൻറെ പേരിൽ ബിസിനസ്സിൽ നിക്ഷേപിച്ചു. മകനെ കൂടാതെ ഭാര്യയും രണ്ട് പെൺമക്കളും പ്രതികളാണ്. ഭാര്യയുടെയും മകന്റെയും പെൺമക്കളുടെയും മറ്റു ബന്ധുക്കളുടെയും പേരിൽ വായ്പ എടുത്തിരുന്നു. ഒരേ ഭൂമി വെച്ചാണ് പലതവണകളായി വായ്പയെടുത്തത്. 90 ലക്ഷം രൂപയാണ് മകന്റെ പേരിൽ മാത്രം എടുത്തത്. ഭാര്യയുടെ പേരിലും 85 ലക്ഷത്തിന്റെ വായ്പയുണ്ട്. രണ്ട് ഹോട്ടലുകളും ഒരു സൂപ്പർ മാർക്കറ്റും മകൻ വാങ്ങിയിട്ടുണ്ട്. ഇതിനുപുറമെ ബെൻസ് കാറും മകൻ അഖില്ജിത്തിന്റെ പേരിലുണ്ട്.

കണ്ടല ബാങ്ക് തട്ടിപ്പ്; 3 കോടി 22 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്ന് ഇഡി; ആദ്യഘട്ട കുറ്റപത്രം നൽകി
dot image
To advertise here,contact us
dot image