തദ്ദേശ വാര്ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടര്പട്ടിക പുതുക്കലില് ക്രമാതീതമായി കൂട്ടിചേര്ക്കലിനുള്ള അപേക്ഷകള് വരുന്നതിന്റെ കാരണം കണ്ടെത്താന് പരിശോധന ആവശ്യപ്പെട്ട് കെപിസിസി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
വോട്ടര്പട്ടിക പുതുക്കല് അപേക്ഷകളിലെ ക്രമാതീതമായ വര്ധനവ് ആശങ്ക ഉണ്ടാക്കുന്നതാണ്. ഇതിന്റെ കാരണം ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധിക്കണമെന്നും ഈ വിഷയം ചര്ച്ച ചെയ്യാന് സര്വകക്ഷിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി തിരഞ്ഞെടുപ്പ് നിരീക്ഷണ സമിതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി.
തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്പട്ടിക കഴിഞ്ഞ വര്ഷം ഒക്ടോബര് 16ന് പുതുക്കിയതാണ്. എന്നാല് അതിന് ശേഷമുള്ള ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടര്പട്ടിക പുതുക്കുന്നതിലാണ് കൂടുതല് അപേക്ഷകള് വന്നിട്ടുള്ളത്. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര് വാര്ഡില് ഏകദേശം 620 അപേക്ഷകള് ഇത്തരത്തില് പുതുതായി വന്നിട്ടുണ്ട്. ഇത് ഒരുവാര്ഡിലെ മാത്രം വിഷയമല്ല. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റുവാര്ഡുകളിലും ഈ വിധം അപേക്ഷകള് സ്വീകരിച്ചതായി അറിയാന് കഴിഞ്ഞിട്ടുണ്ട്.അതിനാല് ഈ വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന് ഗൗരവത്തിലെടുക്കുകയും കൃത്യമായി പരിശോധിച്ച് യഥാര്ത്ഥ അപേക്ഷകള് മാത്രം സ്വീകരിക്കാന് അടിയന്തര നടപടി സ്വീകരിക്കാനും തയ്യാറാകണമെന്ന് കെപിസിസി ജനറല് സെക്രട്ടറി ടി യു രാധാകൃഷ്ണനും തിരഞ്ഞെടുപ്പ് നിരീക്ഷണ സമിതി കണ്വീനര് എം കെ റഹ്മാനും കത്തിലൂടെ ആവശ്യപ്പെട്ടു.