തിരുവനന്തപുരം: ശ്രീരാമ പ്രതിഷ്ഠാ ഫെയ്സ് ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ശ്രീരാമ പ്രതിഷ്ഠ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിൽ തെറ്റില്ലെന്നാണ് ശശി തരൂരിന്റെ നിലപാട്. പോസ്റ്റിനെതിരെ വിമർശനം ഉയർന്നതോടെയാണ് തരൂർ വിശദീകരണവുമായി രംഗത്തെത്തിയത്. താൻ വിശ്വസിക്കുന്ന ദൈവത്തെ ബിജെപിക്ക് വിട്ടുനൽകില്ലെന്ന് തരൂർ പ്രതികരിച്ചു.
തരൂരിന്റെ എഫ് ബി പോസ്റ്റിനെ മന്ത്രിമാരായ മുഹമ്മദ് റിയാസും ജി ആർ അനിലും രൂക്ഷമായി വിമർശിച്ചു. തരൂരിന്റെ നിലപാട് ബിജെപി ആശയത്തോട് ഐക്യപ്പെടലാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു. അതിനിടെ ലോഫസ്റ്റിന് തിരുവനന്തപുരം ഗവൺമെൻറ് ലോ കോളജിൽ എത്തിയ തരൂരിനെ എസ്എഫ്ഐ പ്രവർത്തകർ കൂകി വിളിച്ചു.
തീവ്ര ഹിന്ദുത്വ നിലപാടിനൊപ്പം സഞ്ചരിക്കുന്ന നേതാവാണ് തരൂരെന്ന് മന്ത്രി ജി ആർ അനിൽ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. തരൂരിന്റെ നിലപാട് മതനിരപേക്ഷ കേരളത്തിന് അപമാനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
അയോധ്യയില് പ്രതിഷ്ഠ നടത്തിയ രാം ലല്ലയുടെ ചിത്രം ശശി തരൂർ സമൂഹമാധ്യമങ്ങളില് പങ്കുവെച്ചതോടെയാണ് വിമർശനങ്ങളുയർന്നത്. ട്വിറ്ററില് ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് ശശി തരൂരിനെതിരെ വിമര്ശനവുമായി രംഗത്തെത്തിയത്.
ഹിന്ദു വിശ്വാസത്തെ കോണ്ഗ്രസ് അവഹേളിച്ചിട്ടില്ലെന്നും ഉദ്ഘാടനം കഴിഞ്ഞാല് രാമക്ഷേത്രം സന്ദര്ശിക്കുമെന്നും ശശി തരൂര് വ്യക്തമാക്കിയിരുന്നു.
അയോധ്യയിലെ രാം ലല്ലയുടെ ചിത്രം പങ്കുവെച്ച് ശശി തരൂര്; പിന്നാലെ വിമര്ശനവും