'നവകേരള സദസ്സിൽ വ്യാപാരികളുടെ ആവശ്യമായിരുന്നു, വാണിജ്യ വകുപ്പ് രൂപീകരിക്കും'; പിണറായി വിജയൻ

'അഴിമതി തീർത്തും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം'

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് വാണിജ്യ വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ തുടക്കം എന്ന നിലയിൽ വ്യവസായ വകുപ്പിനകത്ത് പ്രത്യേക സംവിധാനം ഉണ്ടാക്കും. പിന്നീട് അത് ഒരു വകുപ്പായി വികസിപ്പിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗം ഇക്കാര്യം തീരുമാനിച്ചിട്ടുണ്ട്. നവകേരള സദസ്സിൽ വ്യാപാരികളുടെ ആവശ്യമായിരുന്നു വാണിജ്യ വകുപ്പ് വേണമെന്നത്. നല്ല നിർദേശം എന്ന് മനസിലാക്കി സർക്കാർ അത് ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റവന്യൂ ഭവൻ ശിലാസ്ഥാപന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അത് പോരാ, അഴിമതി തീർത്തും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. മനുഷ്യന്റെ ആർത്തിയാണ് അഴിമതിക്ക് കാരണം എന്ന് താൻ മുൻപ് പറഞ്ഞിരുന്നു. അഴിമതിയുടെ കാര്യം പറയുമ്പോൾ സർക്കാരിന് ഇതുവരെ തല കുനിക്കേണ്ടി വന്നിട്ടില്ല. നല്ല ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ ന്യായമായ ആവശ്യങ്ങൾക്ക് കൈക്കൂലി വാങ്ങുന്നു. ഇത്തരത്തിൽ ഉദ്യോഗസ്ഥർ അധഃപതിക്കരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

ഒരു തരത്തിലുള്ള കമ്മീഷനും ഇല്ലാത്ത സംസ്ഥാനമാണ് കേരളമെന്നും അതുകൊണ്ടാണ് തലയുയർത്തി നിൽക്കാൻ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും അങ്ങനെയാകണം. പണത്തിന് പിന്നാലെ പോയാൽ മനസമാധാനം തകരും. നമ്മുടെ മനസമാധാനം പുറത്തു നിന്നൊരാൾക്ക് തകർക്കാനാകില്ല. കുറ്റം ചെയ്യുമ്പോളാണ് മനസമാധാനം നഷ്ടമാകുന്നത്. കുറ്റം ചെയ്തില്ലെങ്കിൽ ഒരു പ്രശ്നവുമില്ല. തലയുയർത്തി തന്നെ നിൽക്കാനാകുമെന്നും കുറ്റം ചെയ്താൽ തല താണുപോകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സഹകരണ മേഖലയിലെ അഴിമതി ഒറ്റപ്പെട്ടത്; അഴിമതിക്കാര്ക്ക് പരിരക്ഷയുണ്ടാകില്ല: മുഖ്യമന്ത്രി

അഴിമതി ആരു ചെയ്താലും സർക്കാരിൻ്റെ പരിരക്ഷ ഉണ്ടാകില്ല. അത് അനുഭവത്തിൽ നിന്ന് വ്യക്തമാണെന്നും കഴിഞ്ഞ ദിവസം ഒൻപതാം സഹകരണ കോൺഗ്രസിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. കരുവന്നൂർ കേസിൽ തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി എടുത്തു. രാഷ്ട്രീയ തേജോവധം ചെയ്യാൻ കരുക്കൾ വേണം. അതിനാണ് കരുവന്നൂർ കേസിൽ ഒന്നാം പ്രതിയെ കേന്ദ്ര ഏജൻസി മാപ്പ് സാക്ഷിയാക്കിയതെന്നും സഹകരണ മേഖലയിലെ അഴിമതി ഒറ്റപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us