'ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ല,പുറമ്പോക്ക് കയ്യേറി മതിൽകെട്ടി എന്നത് ശരിയല്ല'; മാത്യു കുഴൽനാടൻ

'കയ്യേറി മതിൽ കെട്ടിയെന്നാണ് പറയുന്നത്. എന്നാൽ തൻ്റെ ഭൂമിക്ക് ഒരിടത്തും ചുറ്റുമതിലില്ല'

dot image

ഇടുക്കി: ചിന്നക്കനാലിൽ ഭൂമി കയ്യേറിയെന്ന റവന്യു വകുപ്പ് റിപ്പോർട്ട് തള്ളി മാത്യു കുഴൽനാടൻ എംഎൽഎ. ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ല. പുറമ്പോക്ക് കയ്യേറി മതിൽ കെട്ടി എന്നത് ശരിയല്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി പുതുക്കിപണിയുക മാത്രമാണ് ചെയ്തത്. റവന്യു വകുപ്പിൻറെ റിപ്പോർട്ട് കണ്ടിട്ടില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. വാങ്ങിയ സ്ഥലത്തിൽ കൂടുതലൊന്നും കൈവശമില്ലെന്നും കുഴൽനാടൻ വിശദീകരിച്ചു.

വിജിലൻസ് മൊഴി രേഖപ്പെടുത്താൻ വിളിച്ചിരുന്നു. സത്യന്ധമായും സുതാര്യമായും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു. കയ്യേറി മതിൽ കെട്ടിയെന്നാണ് പറയുന്നത്. എന്നാൽ തൻ്റെ ഭൂമിക്ക് ഒരിടത്തും ചുറ്റുമതിലില്ല എന്നാണ് കുഴൽനാടൻ വ്യക്തമാക്കുന്നത്. മുമ്പുണ്ടായിരുന്ന കൽകെട്ട് ഇടിഞ്ഞപ്പോൾ ബലപ്പെടുത്തുക മാത്രമാണ് ചെയ്തത്. കെട്ടിടം അപകടാവസ്ഥയിലായ സാഹചര്യത്തില് മതിൽ ബലപ്പെടുത്തി. ഒരു ഭാഗം കോൺക്രീറ്റ് ചെയ്തുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

കീഴ്ക്കാംതൂക്കായ സ്ഥലം അളക്കുമ്പോൾ അധികം ഉണ്ടാകും. അത് വിരിവ് എന്നാണ് പറയുന്നത്. 50 ഏക്കർ പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും പിന്നോട്ട് പോകില്ല. ഭീഷണിപ്പെടുത്താൻ നോക്കേണ്ട. ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. മുന്നോട്ട് വച്ച കാല് പിന്നോട്ട് വയ്ക്കില്ല. നിയമപരമായ കാര്യങ്ങളോട് സഹകരിക്കുമെന്നും കുഴൽനാടൻ വ്യക്തമാക്കി.

സ്ഥാനാർത്ഥിയായ സമയത്ത് വേഗത്തിൽ രജിസ്ട്രേഷൻ നടത്തിയെന്നും അതിനാൽ അളന്നില്ലെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാണിച്ചു. നാമനിർദ്ദേശ പത്രികയിൽ ഈ വസ്തു കാണിക്കാനാണ് വേഗത്തിൽ നടത്തിയത്. താൻ ഭൂമി കയ്യേറിയെന്നത് ജനം വിലയിരുത്തട്ടെയെന്നും കുഴൽനാടൻ വ്യക്തമാക്കി. സംരക്ഷണ ഭിത്തി കെട്ടിയതിനെയാണ് കയ്യേറിയെന്ന് പറയുന്നത്. നിജസ്ഥിതി സർട്ടിഫിക്കറ്റ് സർക്കാർ നൽകിയിട്ടുണ്ട്. അതിന് ശേഷമാണ് സ്ഥലം വാങ്ങിയത്. മിച്ച ഭൂമിയാണെങ്കിൽ നിജസ്ഥിതി സർട്ടിഫിക്കറ്റ് നൽകില്ല. വിജിലൻസ് കേസ് വന്നതിന് ശേഷമാണ് മിച്ചഭൂമി കേസ് ഉണ്ടെന്ന് അറിയുന്നതെന്നും ഫെയർ വാല്യൂ കുറച്ച് കാണിച്ചിട്ടില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

മാത്യു കുടനാടൻ്റെ ചിന്നക്കനാൽ ഭൂമിയിലെ ക്രയവിക്രയങ്ങളിൽ ക്രമക്കേടെന്ന് നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. 2008ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട ഭൂമിയാണ് ചിന്നക്കനാലിൽ മാത്യു കുഴൽനാടന്റെ കൈവശമുള്ളതെന്ന ഗുരുതര കണ്ടെത്തലുകളാണ് വിജിലൻസ് പുറത്തുവിട്ടിരിക്കുന്നത്. ഭൂമി വിൽപ്പന നടത്തരുതെന്ന് 2020ൽ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നുവെന്നും പോക്കുവരവ് ചെയ്തതിൽ ക്രമക്കേടുണ്ടെന്നമാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. ഭൂമി പോക്ക് വരവ് സമയത്ത് വില്ലേജ് ഓഫീസർ അടയാളപ്പെടുത്തിയിട്ടില്ല. ക്രമക്കേട് നടത്തിയത് മാത്യുക്കുഴൽ നാടൻ ആണെന്നതിന് തെളിവില്ല. മിച്ചഭൂമി കേസിൽ ഉൾപ്പെടുമ്പോൾ അത് മറ്റൊരാളുടെ പേരിലുള്ള ഭൂമിയായിരുന്നു. എന്നാൽ മാത്യു കുഴൽനാടൻ്റെ കൈവശമുള്ള ഭൂമിയിൽ ആധാരത്തിൽ ഉള്ളതിനേക്കാൾ 50 സെൻറ് അധിക ഭൂമിയുണ്ട്. ഇത് തിരികെ പിടിക്കാൻ റവന്യൂ വകുപ്പിന് ശുപാർശ ചെയ്യുമെന്നുമാണ് വിജിലൻസ് വ്യക്തമാക്കുന്നത്.

dot image
To advertise here,contact us
dot image