കൊച്ചി: ഹൈ റിച്ച് തട്ടിപ്പ് കേസിൽ ഉടമകളുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കെ ഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും 212 കോടി രൂപയുടെ സ്വത്താണ് മരവിപ്പിച്ചത്. ക്രിപ്റ്റോ കറൻസി തട്ടിപ്പ് വഴി പ്രതികൾ 850 കോടി സമാഹരിച്ചുവെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. 'ഹൈറിച്ച്' ഓണ്ലൈന് ഷോപ്പിയുടെ ഓഫീസുകളിൽ റെയിഡ് നടത്തിയതിന് പിന്നാലെയാണ് ഉടമകളുടെ 212 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്. കെ ഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും സ്വത്താണ് മരവിപ്പിച്ചത്. ക്രിപ്റ്റോ കറൻസി തട്ടിപ്പ് വഴി പ്രതികൾ 850 കോടി സമാഹരിച്ചിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
1,650 കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. എന്നാൽ 2,300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇ ഡി യുടെ വിലയിരുത്തൽ. യുകെ ആസ്ഥാനമായി കമ്പനി രജിസ്റ്റർ ചെയ്ത് ബിറ്റ്കോയിന് ഇടപാടുകൾ വഴി നടത്തിയ തട്ടിപ്പും 15 സംസ്ഥാനങ്ങളിലായി കമ്പനിക്കുള്ള 69 അക്കൗണ്ടുകളുടെ വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ.
3,000 പേരിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം വാങ്ങി സ്വരൂപിച്ച 150 കോടി രൂപയിൽ 100 കോടി രൂപ ഹവാല ഇടപാടുകൾ വഴി ഉടമകൾ വിദേശത്തേക്ക് കടത്തിയെന്നായിരുന്നു ഇ ഡി ക്ക് ലഭിച്ച പരാതി. ഒളിവിൽ കഴിയുന്ന കെ ഡി പ്രതാപനും ഭാര്യ ശ്രീനയും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. അപേക്ഷ ഈ മാസം 30ന് കലൂരിലെ പ്രത്യേക കോടതി പരിഗണിക്കും.
ഹൈറിച്ച് തട്ടിപ്പിൽ തൃശൂരിലുള്ള കമ്പനി ഉടമകളുടെ വീടുകളിലും ഓഫീസിലും നേരത്തെ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് തൊട്ട് മുമ്പ് ഹൈറിച്ച് ഉടമയായ പ്രതാപനും ഭാര്യ ശ്രീനയും ഒളിവിൽ പോകുകയായിരുന്നു. നേരത്തെ തട്ടിപ്പിൽ പൊലീസ് അന്വേഷണം നടന്നിരുന്നെങ്കിലും മുൻ എംഎൽഎ അനിൽ അക്കരയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം ആരംഭിച്ചത്. പൊലീസിന്റെ ഒത്താശയോടെയാണ് വൻതോതിൽ തട്ടിപ്പ് നടന്നതെന്ന് അനിൽ അക്കര ആരോപിച്ചിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതാപനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. എന്നാൽ കേസിൽ ഗൗരവമായ അന്വേഷണം നടന്നിരുന്നില്ലെന്നാണ് ആരോപണം. പ്രതാപൻ മുൻപും നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളിൽ പ്രതിയാണ്.