കൊച്ചി: കോടികളുടെ തട്ടിപ്പ് നടത്തിയ സ്പെയ്സ് ഇൻ്റർനാഷണലിനെതിരായ പരാതിയില് നടപടി എടുക്കാതെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ്. റിക്രൂട്ടിംഗ് ഏജൻസികൾക്ക് ലൈസൻസ് കൊടുക്കാനും കുറ്റം ചെയ്താൽ അത് റദ്ദാക്കാനും അധികാരമുള്ള കേന്ദ്രസർക്കാർ സ്ഥാപനമാണ് പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ്. സ്പെയിസ് ഇൻ്റർനാഷണലിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ കിട്ടിയ പരാതിയെക്കുറിച്ച് മിണ്ടാതെ കൊച്ചി എസിപി ഓഫീസിൽ പോയി അന്വേഷിക്കാൻ ഉദ്യോഗാർത്ഥികളോട് പറയുന്ന പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ഉദ്യോഗസ്ഥൻ്റെ ടെലഫോൺ സംഭാഷണം റിപ്പോർട്ടറിന് ലഭിച്ചു. തട്ടിപ്പിൻ്റെ റിക്രൂട്ട്, റിപ്പോർട്ടർ വാർത്താ പരമ്പര തുടരുന്നു...
സ്പെയിസ് ഇൻ്റർനാഷണലിൻ്റെ തട്ടിപ്പിൽ കുടുങ്ങിയതോടെയാണ് സ്ഥാപനത്തിനെതിരെ പരാതി നൽകാൻ കൊച്ചിയിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്സിൽ ഉദ്യോഗാർത്ഥികൾ എത്തിയത്. എന്നാല് പരാതി സ്വീകരിക്കാതെ തിരുവനന്തപുരത്തെ ഓഫീസുമായി ബന്ധപ്പെടാന് നിർദേശം നൽകുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബർ 20 ന് ഈ മെയിൽ വഴി പരാതിയും കൊടുത്തു. നടപടി എടുക്കാതെ കേന്ദ്ര സർക്കാർ സ്ഥാപനമായ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് പരാതി പൂഴ്ത്തുകയായിരുന്നു.
യുകെയിൽ നേഴ്സ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ഇരയായവർക്ക് യുകെയുടെ യാത്രാ വിലക്ക്യുകെയിൽ നേഴ്സ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പാണ് സ്പെയിസ് ഇൻ്റർനാഷണല് നടത്തിയത്. സ്പേസ് ഇൻ്റർനാഷണൽ നടത്തിപ്പുകാരായ ദമ്പതികൾക്കും ജീവനക്കാർക്കുമെതിരെ സൗത്ത് പൊലീസ് കേസെടുത്തെങ്കിലും നടപടിയൊന്നും ഇതുവരെയുണ്ടായില്ല. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് മാത്രമല്ല ഇവർ ചെയ്ത ക്രൂരത. അനധികൃത സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിൻ്റെ പേരിൽ 26 ഉദ്യോഗാര്ഥികള്ക്ക് 10 വർഷത്തെ യാത്രാവിലക്കാണ് ലഭിച്ചത്. 22 നേഴ്സുമാർക്ക് യുകെയിലേക്ക് യാത്ര ചെയ്യാൻ പറ്റാത്തവിധമുള്ള ട്രാവൽ ബാൻ ആണ് ലഭിച്ചിരിക്കുന്നത്.