കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎയുടെ കേരള പദയാത്രക്ക് കാസർകോട് ഇന്ന് തുടക്കമാകും. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദയാത്രയുടെ ഉദ്ഘാടനം വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിർവഹിക്കും. നേരത്തെ ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ബിഹാറിലെ രാഷ്ട്രീയ കരുനീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് നദ്ദ കാസർകോട് എത്തില്ലെന്ന തീരുമാനം വന്നിരിക്കുന്നത്. 'പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം' എന്ന മുദ്രാവാക്യം ഉയര്ത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും കാല് ലക്ഷം പ്രവര്ത്തകര് പദയാത്രയില് അണിനിരക്കും.
ഓരോ ദിവസവും ദേശീയ സംസ്ഥാന നേതാക്കൾ പദയാത്രയുടെ ഭാഗമാകും. ഓരോ മണ്ഡലത്തിലും ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും പദയാത്രയുടെ ഭാഗമായി സംഘടിപ്പിക്കും. രാവിലെ വിവിധ മത-സാമുദായിക നേതാക്കളുമായുള്ള സ്നേഹ സംഗമങ്ങളും കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിൽ അംഗങ്ങളായവരുടെ ഗുണഭോക്തൃ സംഗമങ്ങളും നടക്കും.കാസർകോട് മണ്ഡലത്തിലെ യാത്രയുടെ സമാപനം കാസർഗോഡ് മേൽപ്പറമ്പിൽ വൈകിട്ട് ആറുമണിക്കാണ് നടക്കും.
വിവിധ മണ്ഡലങ്ങളിലെ വികസന പ്രശ്നങ്ങളും പ്രതീക്ഷകളും ചർച്ച ചെയ്യുന്ന വികസന സെമിനാറുകളും പദയാത്രയുടെ ഭാഗമായി നടക്കും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ കേരള പദയാത്ര ഉദ്ഘാടനം ചെയ്യും. 20 ലോക്സഭാ മണ്ഡലങ്ങളിൽ കൂടി കടന്നു പോകുന്ന യാത്ര കേരള പദയാത്ര 27 ന് പാലക്കാട് സമാപിക്കും.