കൊച്ചി: റിക്രൂട്ട്മെൻ്റ് ഏജൻസികളിൽ കഴിഞ്ഞ വർഷം നവംബറിൽ നടത്തിയ റെയ്ഡിൽ കൊച്ചി പൊലീസിൻ്റെ കള്ളക്കളി. കൊച്ചിയിൽ നടന്ന വ്യാപക റെയ്ഡിൽ കോടികളുടെ തട്ടിപ്പ് നടത്തിയ സ്പെയ്സ് ഇൻ്റർനാഷണലിനെ പൊലീസ് തൊട്ടില്ല. പൊലീസ് പരിശോധനയ്ക്ക് മുമ്പ് തന്നെ സ്പെയ്സ് ഇൻ്റർനാഷണലിനെതിരെ എഫ്ഐആർ നിലവിലുണ്ടായിരുന്നു. നിരന്തര പരാതികൾ എത്തിയിട്ടും പൊലീസ് അനങ്ങിയില്ല. ഇതിനിടെ എംജി റോഡിൽ നടന്ന പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ രണ്ട് റിക്രൂട്ടിംഗ് ഏജൻസികൾ പൊലീസ് അടച്ച് പൂട്ടുകയും ചെയ്തിരുന്നു. സ്പെയ്സ് ഇൻ്റർനാഷണൽ നടത്തിയ റിക്രൂട്ട്മെൻ്റ് തട്ടിപ്പിൽ റിപ്പോർട്ടറിൻ്റെ അന്വേഷണ പരമ്പര കൂടുതൽ വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
ഒരു വർഷം മുമ്പാണ് കൊച്ചിയിലെ സ്പെയിസ് ഇൻ്റർനാഷണൽ എന്ന സ്ഥാപനത്തിൽ കോടികളുടെ യുകെ വിസ തട്ടിപ്പ് നടന്നത്. പരാതിയുമായി ഉദ്യോഗാർത്ഥികൾ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുന്നതിനിടെ എംജി റോഡിൽ പ്രവർത്തിച്ചിരുന്ന രണ്ട് റിക്രൂട്ട്മെൻ്റ് സ്ഥാപനങ്ങൾ പൊലീസ് പൂട്ടിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് കൊച്ചി പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ റിക്രൂട്ട്മെൻ്റ് ഏജൻസികളിൽ വ്യാപക പരിശോധന നടന്നത്. 13 ഏജൻസികളിലായിരുന്നു പരിശോധന നടന്നത്. ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് സ്ഥാപനങ്ങൾക്കെതിരെ നടപടിയും എടുത്തിരുന്നു. അപ്പോഴും സ്പെയിസ് ഇൻ്റർനാഷണലിനെ പൊലീസ് തൊട്ടില്ല.
കഴിഞ്ഞ വർഷം സെപ്തംബറിൽ 14 ലക്ഷം രൂപ വീതം നഷ്ടപ്പെടുകയും യാത്രാ വിലക്ക് കിട്ടുകയും ചെയ്ത ഉദ്യോഗാർത്ഥികൾ പരാതിയുമായി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ പരാതി സ്വീകരിച്ചില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം. തട്ടിപ്പിനിരയായവർ ഡിസിപിയെ നേരിട്ട് കണ്ടു. എസിപിയുടെ ഓഫീസിൽ പരാതിയുമായെത്തിയപ്പോൾ പ്രതികളെ നേരിട്ട് വിളിപ്പിച്ചു. എത്രയും പെട്ടെന്ന് പണം തിരിച്ചുകൊടുക്കാൻ എസിപി നിർദേശവും നൽകി. 2023 സെപ്തംബർ മാസത്തിലായിരുന്നു ഈ സംഭവങ്ങൾ നടന്നത്. എന്നാൽ ഇതിന് പിന്നാലെ 2023 നവംബർ മാസത്തിൽ നടന്ന റെയ്ഡിൽ നിന്ന് സ്പെയിസ് ഇൻ്റർനാഷണനിലെ പൊലീസ് ഒഴിവാക്കുകയായിരുന്നു. റിക്രൂട്ട്മെൻ്റ് സ്ഥാപനങ്ങളിൽ കൊച്ചി പൊലീസ് വ്യാപക റെഡ്ഡ് നടത്തുന്നതിന് മുമ്പായിരുന്നു 14 ലക്ഷം നഷ്ടപ്പെട്ട കൊച്ചി സ്വദേശിയായ മറ്റൊരു ഉദ്യോഗാർത്ഥിയുടെ പരാതിയിൽ എറണാകുളം സൗത്ത് പോലീസ് എഫ്ഐആർ ഇട്ടത്.
മൂന്ന് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തുകയും 20ലേറെ പേർക്ക് യാത്രാ വിലക്ക് കിട്ടുകയും ചെയ്തതായി പരാതി ഉയർന്ന തട്ടിപ്പ് സ്ഥാപനമായ സ്പെയിസ് ഇൻ്റർനാഷണലിനെ കൊച്ചി പൊലീസ് റെയ്ഡുകളിൽ നിന്ന് ഒഴിവാക്കിയത് എന്തിനാണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.