കൊട്ടാരക്കര വാളകത്തെ മേഴ്സി കോളേജ് ഓഫ് നഴ്സിംഗില് വ്യാപക ക്രമക്കേടുകൾ

നഴ്സിംഗ് കൗൺസിൽ അംഗീകാരത്തിനായി പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളെ രോഗികൾ എന്ന വ്യാജേന ആശുപത്രിയിൽ പ്രവേശിപ്പിച്ചു

dot image

കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളെ രോഗികൾ എന്ന വ്യാജേന ആശുപത്രിയിൽ പ്രവേശിപ്പിച്ച് നഴ്സിംഗ് കൗൺസിൽ അംഗീകാരത്തിന് ശ്രമം. കൊട്ടാരക്കര വാളകത്തെ മേഴ്സി കോളേജ് ഓഫ് നേഴ്സിംഗിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കയ്യോടെ പിടികൂടിയത്. വിഷയത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി സാമൂഹ്യനീതി വകുപ്പിന് നിർദ്ദേശവും നൽകി. അതിനിടെ ബിഎസ്സി നഴ്സിംഗ് പഠനത്തിന് 30 പേരെ പ്രവേശിപ്പിക്കാൻ നഴ്സിങ് കൗൺസിൽ അനുമതി നൽകിയപ്പോൾ കോളേജ് അധികൃതർ 58 പേരെ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പരിശോധനയിൽ കണ്ടെത്തി.

പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളെ ഒരു രോഗവും ഇല്ലാതെ രോഗികൾ എന്ന വ്യാജേന വാളകത്തെ മേഴ്സി കോളേജ് ഓഫ് നഴ്സിംഗിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധന വിവരമറിഞ്ഞ് ഇവരിൽ പലരെയും ഒരുമിച്ച് അർദ്ധരാത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗങ്ങൾ ഇല്ലെന്ന് കണ്ടെത്തിയെന്ന് മാത്രമല്ല ഇവരുടെ ഒരു മെഡിക്കൽ രേഖകൾ പോലും ആശുപത്രിയിൽ കണ്ടെത്താനുമായില്ല.

ക്രമക്കേടിനെ കുറിച്ച് നഴ്സിംഗ് കൗൺസിലിന് റിപ്പോർട്ട് കിട്ടിയതോടെ കൗൺസിൽ നടപടി തുടങ്ങി. എന്നാൽ കോളേജ് പ്രിൻസിപ്പൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ ആണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇതേക്കുറിച്ച് അന്വേഷിക്കാൻ സാമൂഹ്യനീതി വകുപ്പിനെ ചുമതലപ്പെടുത്തുകയായിരുന്നു.

ഇതിനിടെ കോളേജിലെ സാഹചര്യങ്ങൾ മനസ്സിലാക്കി ബി എസ് സി നഴ്സിംഗ് കോഴ്സിനു 30 പേരെ പ്രവേശിപ്പിക്കാൻ നഴ്സിംഗ് കൗൺസിൽ അനുമതി നൽകി. എന്നാൽ അവിടെയും കോളേജ് നഴ്സിംഗ് കൗൺസിൽ നിർദേശം മറികടന്നു. 58 വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകി. ഇതോടെ 20 കുട്ടികളുടെ ഭാവി തുലാസിൽ ആയിരിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ ഇല്ല എന്നായിരുന്നു നഴ്സിംഗ് കോളേജ് പ്രിൻസിപ്പലിന്റെ നിലപാട്.

dot image
To advertise here,contact us
dot image