തിരുവനന്തപുരം: സിപിഐഎം നേതാവും എംഎല്എയുമായ കടകംപള്ളി സുരേന്ദ്രനെ പരോക്ഷമായി വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സ്മാർട്ട് റോഡ് വികസനത്തിന്റെ പേരിൽ ജനങ്ങളെ തടങ്കലിലാക്കുന്നു എന്ന കടകംപള്ളിയുടെ വിമർശനത്തിനാണ് മറുപടി. ആദ്യ കരാറുകാരനെ പലവട്ടം തിരുത്താൻ ശ്രമിച്ചിട്ടും നടന്നില്ല. എന്തും ചെയ്യാമെന്ന ഹുങ്കോട് കൂടി പ്രവർത്തിച്ചു. കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പിടിച്ചില്ലെന്നും ചില താത്പര്യമുള്ളവർക്കാണ് ഇഷ്ടപ്പെടാതിരുന്നതെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
ആകാശത്ത് റോഡ് നിർമിച്ച് താഴെ കൊണ്ട് ഫിറ്റ് ചെയ്യാൻ ആകില്ല. കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളി. ആ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. പൊള്ളലേറ്റ് മുറിവുണങ്ങാത്തവർ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരിയേണ്ടവർക്ക് തിരിഞ്ഞു എന്ന് കരുതുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
നഗരസഭ സംഘടിപ്പിച്ച വികസന സെമിനാറിലാണ് കടകംപള്ളി സുരേന്ദ്രൻ കടുത്ത വിമർശനം ഉന്നയിച്ചത്. രണ്ടുമൂന്ന് പദ്ധതികള് തലസ്ഥാന നഗരത്തെ ശ്വാസം മുട്ടിക്കുകയാണ്. വര്ഷങ്ങളായി യാത്രാ സൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങള് നഗരത്തില് താമസിക്കുന്നു. അമൃത് പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിര്മാണപ്രവൃത്തികള് ജനങ്ങളെ തടവിലാക്കുന്ന സാഹചര്യമുണ്ട്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകള് സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. സ്മാര്ട്ട് സിറ്റിയുടെ ഭാഗമായി കഴിഞ്ഞ കുറച്ചുവര്ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികള് വേണ്ടത്ര വേഗത്തോടെ നടപ്പാക്കാന് സാധിക്കുന്നില്ലെന്ന പോരായ്മയുണ്ടെന്നും കടകംപള്ളി ആരോപിച്ചിരുന്നു.