പാലക്കാട്: ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ചേക്കുമെന്ന കോണ്‍ഗ്രസ് വിമത നേതാവ് എ വി ഗോപിനാഥിന്റെ പ്രതികരണത്തെ സ്വാഗതം ചെയ്ത് സിപിഐഎം. സന്തോഷത്തോടെ എ വി ഗോപിനാഥിന്റെ നിലപാടിനെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നതായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു.
ആലത്തൂരില്‍ എ വി ഗോപിനാഥിന്റെ പിന്തുണ കിട്ടുന്നത്തോടെ സിപിഐഎമ്മിന്റെ ഭൂരിപക്ഷം വര്‍ദ്ധിക്കും. രാഷ്ട്രീയം മറന്ന് വികസന കാര്യങ്ങളില്‍ കൂടെ നില്‍ക്കുന്നയാളാണ് എ വി ഗോപിനാഥ്. എല്‍ഡിഎഫിന്റെ നയത്തോട് യോജിക്കാന്‍ കഴിയുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാം
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കില്ലെന്നാണ് എ വി ഗോപിനാഥ് പറഞ്ഞത്. രണ്ട് തവണ തന്നെ കോണ്‍ഗ്രസ് കൊന്നു. മൂന്നാമത് ഒരു മരണത്തിനായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അടഞ്ഞ അധ്യായമാണ്. പെരിങ്ങോട്ടുകുറുശ്ശിയുടെ വികസനത്തിന് സര്‍ക്കാരും മുഖ്യമന്ത്രിയും ഒരു പാട് കാര്യങ്ങള്‍ ചെയ്തു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പെരിങ്ങോട്ടുകുറിശ്ശികാര് പരിഗണിക്കും. സിപിഐഎമ്മിനെ പിന്തുണയ്ക്കാന്‍ സിപിഐഎം ആവണമെന്നില്ലെന്നും എ വി ഗോപിനാഥ് പറഞ്ഞു. നിലവില്‍ ആരുടേയും സ്ഥാനങ്ങള്‍ സ്വീകരിക്കില്ല. ഉടന്‍ നിലപാട് വ്യക്തമാക്കുമെന്നും എ വി ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.