സാധാരണ ജനങ്ങളെ തഴഞ്ഞ ബജറ്റ്: കെ സുധാകരന് എംപി

'തിരഞ്ഞെടുപ്പ് മുന്നില്ക്കണ്ടുള്ള ഗിമ്മിക്കുകളാണ് ധനമന്ത്രിയുടെ ബജറ്റിലെ വാചക കസര്ത്ത്'

dot image

ന്യൂഡല്ഹി: പൊതുതിരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ള ഇടക്കാല ബജറ്റാണ് ധനമന്ത്രി നിര്മല സീതാരാമൻ്റേതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എം പി. വന്കിട മുതലാളിമാര്ക്ക് പരിഗണന നല്കിയപ്പോള് സാധാരണ ജനങ്ങളെ തഴഞ്ഞു. അവരുടെ ജീവിത ദുരിതങ്ങള്ക്ക് പരിഹാരം കാണുന്ന നിര്ദ്ദേശങ്ങളൊന്നും ബജറ്റിലില്ല. സര്ക്കാരിന്റെ നേട്ടങ്ങളുടെ അവകാശവാദങ്ങള് ഉന്നയിക്കാനാണ് ബജറ്റ് പ്രസംഗത്തെ വിനിയോഗിച്ചത്. സര്ക്കാര് ഉന്നയിച്ച വാദഗതികളില് പലതും പൊള്ളയാണ്. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്നിന്ന് കരകയറ്റി എന്നു പറയുമ്പോള്,ആഗോള ദാരിദ്ര്യസൂചികയില് ഇന്ത്യ ഇപ്പോഴും വളരെ പിറകിലാണ്. തിരഞ്ഞെടുപ്പ് മുന്നില്ക്കണ്ടുള്ള ഗിമ്മിക്കുകളാണ് ധനമന്ത്രിയുടെ ബജറ്റിലെ വാചക കസര്ത്തെന്നും സുധാകരന് പറഞ്ഞു.

എന്ഡിഎ സര്ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ആഘോഷിക്കുന്നത് റോഡ്, റെയില് തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനമാണ്. എന്നാല് മൂലധന നിക്ഷേപം 13.71 ലക്ഷം കോടിയില് നിന്ന് 12.71 ലക്ഷം കോടിയായി കുറഞ്ഞു എന്ന് ബജറ്റ് രേഖകളില് കാണുന്നു. ഒരു ലക്ഷം കോടി രൂപയുടെ ഭീകരമായ കുറവാണിത്. 10 കോടി പേര്ക്ക് പാചകവാതകം കണക്ഷന് നല്കിയപ്പോള് സിലിണ്ടറിൻ്റെ വില 2014ലെ 434 രൂപയില്നിന്ന് 960 രൂപയായത് വിസ്മരിക്കരുത്. ആളുകളുടെ ശരാശരി വരുമാനത്തില് 50 ശതമാനം വര്ധന ഉണ്ടായി എന്നത് വിശ്വാസയോഗ്യമല്ല.

ഇന്ധനവില, പാചകവാതക വില കുറയ്ക്കാന് കേന്ദ്രസര്ക്കാര് തയ്യാറായില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ നിയന്ത്രിക്കുന്നതിന് നിര്ദ്ദേശങ്ങളൊന്നുമില്ല. ആദായനികുതി സ്ലാബിലും മാറ്റം വരുത്തിയില്ല. സാധാരണക്കാരന്റെ ജീവിത ദുരിതം ലഘൂകരിക്കുന്നതിന് ആവശ്യമായ നിര്ദ്ദേശങ്ങളും ബജറ്റില് ഇടം പിടിച്ചില്ല. എന്നാല് കോര്പറേറ്റ് നികുതി 30 ശതമാനത്തില്നിന്നു കുറച്ച് 22 ശതമാനത്തില് എത്തിച്ചു.

രാജ്യത്തെ അഴിമതി തുടച്ചു നീക്കിയെന്ന് ബജറ്റില് അവകാശവാദം ഉന്നയിക്കുമ്പോള് അഴിമതി സൂചികയില് ഇന്ത്യ 93-ാം സ്ഥാനത്താണെന്ന ട്രാന്സ്പരന്സി ഇന്റര്നാഷണലിന്റെ റിപ്പോര്ട്ട് തന്നെ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസര്ക്കാര് പദ്ധതികളിലെ ശതകോടികളുടെ അഴിമതികളാണ് സി.എ.ജി റിപ്പോര്ട്ടുകളില് ഇടംപിടിച്ചതെന്നും അതിന്റെ പേരില് സ്വീകരിച്ച പ്രതികാര നടപടി രാജ്യം മറന്നിട്ടില്ലെന്നും സുധാകരന് ചൂണ്ടിക്കാണിച്ചു.

കേരളത്തിന് ഇത്തവണയും നിരാശമാത്രം. കേരളത്തില് റബ്ബര് കര്ഷകരെ പാടെ മറന്നു. താങ്ങു വില 250 രൂപ ആക്കണമെന്ന ആവശ്യത്തെ കുറിച്ചും പരാമര്ശമില്ല. റെയില്വേ, തുറമുഖം വികസനം ഉള്പ്പെടെയുള്ളവയ്ക്ക് കാര്യമായ സാമ്പത്തിക സഹായം നല്കിയില്ല. സംസ്ഥാനത്തോടുള്ള അവഗണന ഈ വര്ഷവും പതിവ് തെറ്റിക്കാതെ ബിജെപി ഭരണകൂടം ആവര്ത്തിച്ചെന്നും സുധാകരന് കുറ്റപ്പെടുത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us