സിൽവർലൈൻ വിഷയത്തിൽ റെയിൽവേയുടെ കത്തിടപാടുകൾ; അടിയന്തര പ്രധാന്യത്തോടെ അഭിപ്രായങ്ങൾ അറിയിക്കാൻ നിർദേശം

കത്തിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു

dot image

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നിലച്ചുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുമ്പോഴും പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേയുടെ കത്തിടപാടുകൾ സജീവം. കെ-റെയിലുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ കൈമാറണമെന്ന് റെയിൽവേ ഗതിശക്തി ഡയറക്ടർ ദക്ഷിണ റെയിൽവേ മാനേജർക്ക് നിർദേശം നൽകി. വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. കത്തിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.

സിൽവർലൈൻ വിഷയത്തിൽ റെയിൽവേ ബോർഡിന്റെ നിർദേശമനുസരിച്ച് പാലക്കാട്, തിരുവനന്തപുരം ഡിവിഷണൽ മാനേജർമാർ കെ-റെയിൽ അധികൃതരുമായി മുൻപ് ചർച്ച നടത്തിയിരുന്നു. പാലക്കാട് ഡിവിഷൻ നവംബർ 29നും തിരുവനന്തപുരം ഡിവിഷൻ ഡിസംബർ ഏഴിനുമാണ് ചർച്ച നടത്തിയത്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ ദക്ഷിണ റെയിൽവേ റെയിൽവേ ബോർഡിന് കൈമാറിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഗതിശക്തി ഡയറക്ടർ എഫ് എ അഹമ്മദ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് കത്ത് നൽകിയത്.

ദക്ഷിണ റെയിൽവേ അടിയന്തര പ്രധാന്യത്തോടെ അഭിപ്രായങ്ങൾ അറിയിക്കാനാണ് ജനുവരി 16ന് അയച്ച കത്തിലെ നിർദേശം. സിൽവർലൈനിന് ഭൂമി വിട്ടു നൽകിയാൽ ഭാവി വികസന പദ്ധതികളെ ബാധിക്കുമോ എന്നാണ് റെയിൽവേയുടെ ആശങ്ക. എന്നാൽ ഇത്തരം പദ്ധതികളെ ബാധിക്കാതെയാണ് ഡിപിആറിൽ സിൽവർ ലൈൻ അലെൻമെന്റ് തീരുമാനിച്ചതെന്നായിരുന്നു കെ-റെയിൽ മറുപടി നൽകിയത്.

കേന്ദ്രം പദ്ധതി നിലച്ചുവെന്ന പ്രതീതി സൃഷ്ടിക്കുമ്പോഴും സർക്കാർ പൂർണമായും പ്രതീക്ഷ കൈവിടുന്നില്ല. രണ്ടാഴ്ച മുൻപ് റെയിൽവേ ബോർഡ് നൽകിയ കത്തിന് ദക്ഷിണ റെയിൽവേ മറുപടി നൽകിയതായി സൂചനയില്ല. പദ്ധതി നിലച്ചുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുമ്പോഴാണ് വസ്തുത അതല്ലെന്ന് സൂചിപ്പിക്കുന്ന മന്ത്രിക്ക് കീഴിലുള്ള മന്ത്രാലയത്തിന്റെ കത്തിടപാട്. മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യമാണോ എന്ന് സംശയിക്കുന്നുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

dot image
To advertise here,contact us
dot image