തണ്ണീര് കൊമ്പന്റെ മരണകാരണം വ്യക്തമല്ല; കേരളവും കർണാടകയും സംയുക്തമായി അന്വേഷിക്കും: എകെ ശശീന്ദ്രന്

കേരള കർണാടക വനംവകുപ്പ് സംയുക്തമായി അന്വേഷിക്കും. അഞ്ചംഗ വിദഗ്ധ സമിതിയെ കേരളം നിയോഗിക്കും.

dot image

വയനാട്: മാനന്തവാടിയില് നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര് കൊമ്പന് ചരിഞ്ഞ സംഭവത്തില് പ്രതികരിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. വളരെ സങ്കടമുണ്ടാക്കുന്ന വാര്ത്തയാണിത്. വനത്തിലേക്ക് അയയ്ക്കുന്നതിന് മുൻപേ പരിശോധനകൾ നടത്താൻ തീരുമാനിച്ചിരുന്നു. പരിശോധനകള് നടക്കുന്നതിനിടയില് തന്നെ തണ്ണീര് കൊമ്പന് മരിച്ചതായുള്ള വിവരമാണ് ലഭിച്ചതെന്നും മന്ത്രി പ്രതികരിച്ചു.

'അത്യന്തം വിജയകരമായി പൂര്ത്തിയാക്കിയ ദൗത്യത്തില് നേര് വിപരീതമായ വാര്ത്തയാണ് ഇന്ന് കേള്ക്കേണ്ടി വന്നത്. തണ്ണീർക്കൊമ്പൻ ചരിഞ്ഞത് നടുക്കമുണ്ടാക്കി. വിദഗ്ധ പരിശോധന തുടങ്ങും മുൻപ് ആന ചരിഞ്ഞു. പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ.
എല്ലാ കാര്യങ്ങളും സുതാര്യമായാണ് നടന്നത്. തുടർ നടപടികളും സുതാര്യമായിരിക്കും. കേരള കർണാടക വനംവകുപ്പ് സംയുക്തമായി അന്വേഷിക്കും. അഞ്ചംഗ വിദഗ്ധ സമിതിയെ കേരളം നിയോഗിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് ആനയെ പിടികൂടിയത്. മാനന്തവാടിയിലെ ജനങ്ങൾ സഹകരിച്ചു. നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ടായില്ല. തണ്ണീര് കൊമ്പന് ചെരിഞ്ഞതില് ദുരൂഹത ഉള്ളതായി സംശയിക്കുന്നില്ല. ആന മയക്കുവെടിവെച്ചിട്ടും ശാന്തനായിരുന്നു. അതിന്റെ കാരണം അറിയണം. പ്രാഥമിക പരിശോധനയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. സാധാരണയില് നിന്ന് വ്യത്യസ്തമായി മക്കുവെടിവെച്ചിട്ടും ഇത്രയും ആളുകള് പ്രകോപനപരമായി പെരുമാറിയിട്ടും ശാന്തത കൈവിടാതെ നിന്നത് എന്തുകൊണ്ട് എന്നുള്ളത് സവിശേഷത ആയിരുന്നു', മന്ത്രി പറഞ്ഞു.

ഇന്നലെ രാവിലെ ഏഴ് മണി മുതല് രാത്രി വൈകും വരെ നടത്തിയ എല്ലാ പ്രവര്ത്തനങ്ങളും സുതാര്യമായിരുന്നു എന്നും മന്ത്രി പറഞ്ഞു. അതിന് മാധ്യമങ്ങളും സാക്ഷിയാണ്. അതുപോലെ തന്നെ തുടര് നടപടികളും സുതാര്യമായി നടത്തണമെന്നാണ് ഇപ്പോള് നല്കിയിരിക്കുന്ന നിര്ദേശം. പോസ്റ്റ്മോര്ട്ടം കര്ണാടകയിലേയും കേരളത്തിലേയും വിദഗ്ധൻമാരുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. അതിനായുള്ള ഏര്പ്പാടുകള് ഇതിനകം തന്നെ പൂര്ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഊഹാപോഹങ്ങൾ പറയുന്നത് ഉചിതമായിരിക്കില്ല.
പോസ്റ്റ്മോര്ട്ടത്തിന് ശേഷം നിഗമനങ്ങളിലേക്ക് പോകുന്നതാണ് നല്ലതെന്നും മന്ത്രി വ്യക്തമാക്കി . മയക്കു വെടിവെച്ച് പിടിച്ച് പരിശോധന നടത്തിയ സമയത്ത് പ്രശ്നമുള്ളതായി തോന്നിയിട്ടില്ല. എത്രയും പെട്ടന്ന് സുരക്ഷിതമായ സ്ഥലത്തെത്തിക്കുക എന്നതായിരുന്നു അടിയന്തര കടമയായി ഏറ്റെടുത്തിരുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്ന് ബന്ദിപൂരില് വെച്ചാണ് ആന ചരിഞ്ഞത്. ഏഴ് മണിയോടെയാണ് ഔദ്യോഗിക വിവരം ലഭിക്കുന്നത്.
കര്ണാടക വനംവകുപ്പാണ് വിവരം കേരള വനംവകുപ്പിനെ അറിയിച്ചത്. 20 ദിവസത്തിനിടെ രണ്ട് തവണ തണ്ണീര്കൊമ്പനെ മയക്കുവെടി വെച്ചിരുന്നു.

തണ്ണീര് കൊമ്പന് ചരിഞ്ഞു

മാനന്തവാടിയില് നിന്ന് ഇന്നലെ പിടികൂടിയ തണ്ണീർ കൊമ്പനെ കര്ണാടകയിലെ രാമപുര എലഫന്റ് ക്യാമ്പില് എത്തിച്ചിരുന്നു. ഇന്ന് പുലർച്ചയോടെയാണ് കൊമ്പനെ ബന്ദിപ്പൂരെത്തിച്ചത്. മയക്കു വെടി വെച്ചതിനുശേഷം അഞ്ചുമണിക്കൂറിലേറെയാണ് ആന വനം വകുപ്പിന്റെ അനിമൽ ആംബുലൻസിൽ സഞ്ചരിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തണ്ണീര് കൊമ്പനെ ഇന്നലെ കൂട്ടിലാക്കിയത്. മയക്കുവെടി വെച്ച് മയക്കിയ ആനയെ കുംകി ആനകളുടെ സഹായത്തോടെ എലിഫന്റ് ആംബുലൻസിൽ കയറ്റുകയായിരുന്നു. ലോറിയിൽ കയറാൻ മടിച്ച കൊമ്പനെ കുംകിയാനയായ കോന്നി സുരേന്ദ്രനാണ് ലോറിയിലേക്ക് തളളി കയറ്റിയത്.

dot image
To advertise here,contact us
dot image