കായംകുളത്തെ സിപിഐഎം വിഭാഗീയത; ഏരിയ സെക്രട്ടറിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് എതിർപക്ഷം

കായംകുളത്തിൻ്റെ വിപ്ലവമെന്ന ഫേസ്ബുക്ക് പേജിലൂടെയാണ് അരവിന്ദാക്ഷൻ വിരുദ്ധർ ആരോപണങ്ങളും വെല്ലുവിളിയും ഉയർത്തിയിരിക്കുന്നത്

dot image

ആലപ്പുഴ: കായംകുളത്ത് സിപിഐഎമ്മിനുള്ളിലെ വിഭാഗീയത തുടരുന്നതിനിടെ ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് എതിർപക്ഷം. നേരത്തെ ഉയർന്ന ആരോപണങ്ങളിൽ അരവിന്ദാക്ഷൻ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചിരുന്നു. ഏരിയ സെക്രട്ടറിയുടെ ഈ പ്രതികരണങ്ങളെ വെല്ലുവിളിച്ചാണ് ഒരു വിഭാഗം വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. ഇത്തവണയും കായംകുളത്തിൻ്റെ വിപ്ലവമെന്ന ഫേസ്ബുക്ക് പേജിലൂടെയാണ് അരവിന്ദാക്ഷൻ വിരുദ്ധർ ആരോപണങ്ങളും വെല്ലുവിളിയും ഉയർത്തിയിരിക്കുന്നത്.

സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളോട് റിപ്പോർട്ടർ ചാനലിലൂടെ പ്രതികരിച്ച പി അരവിന്ദാക്ഷനെ വെല്ലുവിളിച്ചാണ് കായംകുളത്തിന്റെ വിപ്ലവം പേജിലെ പുതിയ പോസ്റ്റ്. ആരോപണങ്ങൾ അക്കമിട്ടു നിരത്തുന്ന പോസ്റ്റിലൂടെ ഇവ തെറ്റാണെന്ന് തെളിയിക്കാൻ ധൈര്യമുണ്ടോയെന്നും സിപിഐഎം ഏരിയ സെക്രട്ടറിയോട് എതിർ വിഭാഗം ചോദിക്കുന്നുണ്ട് .

കൊലക്കേസ് പ്രതിയെ പാർട്ടി ഓഫീസിൽ സംരക്ഷിച്ചു. ഇതിന് പ്രത്യുപകാരമായി ലക്ഷക്കണക്കിന് രൂപയും വാഹനവും കൈപ്പറ്റി. വിവിധ അഴിമതികളിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു. സഹകരണ ബാങ്കിൽ ക്രമക്കേടുകൾ നടത്തി തുടങ്ങിയ ആരോപണങ്ങളാണ് അരവിന്ദാക്ഷൻ വിരുദ്ധ വിഭാഗം ഉയർത്തുന്നത്. പാർട്ടിയുമായി ബന്ധപ്പെട്ട കൂടുതൽ അഴിമതികൾ വരും ദിവസങ്ങളിലും വെളിപ്പെടുത്തുമെന്നാണ് കായംകുളത്തിൻ്റെ വിപ്ലവം പേജിലൂടെ ഇവർ വ്യക്തമാക്കുന്നത്.

എന്നാൽ നവമാധ്യമങ്ങിലൂടെ ഇത് പ്രചരിച്ചിട്ടും സിപിഐഎം നേതാക്കൾ ഇതുവരെയും വിഷയത്തിൽ കാര്യമായ പ്രതികരണങ്ങൾക്ക് മുതിർന്നിട്ടില്ല. വിഭാഗീയ പ്രവർത്തനങ്ങൾ ശക്തമായ സാഹചര്യത്തിൽ മാസങ്ങൾക്ക് മുൻപ് സിപിഐഎം സംസ്ഥാന നേതൃത്വം ഇടപ്പെട്ട് കായംകുളത്തെ പാർട്ടി പ്രവർത്തകർക്ക് താക്കീതുകൾ നൽകിയിരുന്നു. എന്നാൽ ഇതിനെ മറികടന്നാണ് പാർട്ടിയിലെ തമ്മിലടി വീണ്ടും ശക്തമാകുന്നതും നവമാധ്യമങ്ങളിലൂടെയുള്ള പോര് മുറുകുന്നതും.

dot image
To advertise here,contact us
dot image