കോഴിക്കോട് : ബാബറി മസ്ജിദ് തകർത്ത സ്ഥാനത്ത് സംഘ പരിവാരം കെട്ടിപ്പടുത്ത രാമ ക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ആർ എസ് എസ് ഭാഷ്യം കടമെടുത്തതാണെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആരോപിച്ചു. അയോധ്യയിൽ രാമക്ഷേത്രം പണിത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബി ജെ പി യുടെ ദുഷ്ടലാക്കിനെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കാത്ത സാദിഖലിയുടെ വിവരക്കേടുകളുടെ വിളംബരം അണികളെ പ്രകാേപിതരാക്കിയതിൽ അൽഭുതപ്പെടാനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ടിനെതിരെ ലീഗ് അണികൾ തെരുവിൽ ഇറങ്ങുന്ന കാലം വിദൂരമല്ല. രാജ്യമൊട്ടുക്കുമുള്ള പള്ളികളുടെ മേൽ അവകാശ വാദം ഉന്നയിച്ച് വർഗ്ഗീയത ആളിക്കത്തിക്കാൻ സംഘ പരിവാരം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഈ ഒരു ഘട്ടത്തിൽ ലീഗ് അധ്യക്ഷൻ ന്യൂനപക്ഷങ്ങളെ ബലി കൊടുക്കാൻ ഒരുങ്ങിയതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ രാമ ക്ഷേത്ര പ്രകീർത്തനം. ആർ എസ് എസിനെ തൃപ്തിപ്പെടുത്താനുള്ള സാദിഖലിയുടെ വാചാടോപങ്ങളോട് മുസ്ലിം ലീഗിലെ മറ്റു നേതാക്കൾ യോജിക്കുന്നുണ്ടോ എന്നറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും, വിഷയത്തിൽ പ്രബുദ്ധ കേരളം ഉചിതമായി പ്രതികരിക്കുമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
രാമക്ഷേത്ര നിർമ്മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രസംഗമാണ് വിവാദത്തിലായത്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിൻ്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തിൽ അത് അംഗീകരിക്കപ്പെടേണ്ടതാണ് എന്നുമാണ് അദ്ദേഹം പൊതുവേദിയിൽ പറഞ്ഞത്. അയോധ്യയിലെ രാമക്ഷേത്രവും മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തും. കോടതി വിധിയനുസരിച്ച് നിർമ്മിച്ചതാണ് രാമക്ഷേത്രം. കോടതി വിധിയനുസരിച്ച് നിർമ്മിക്കാനിരിക്കുന്നതാണ് മസ്ജിദ്. ഇത് രണ്ടും ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. ബാബറി മസ്ജിദ് തകർത്തതിൽ അന്ന് പ്രതിഷേധമുണ്ടായിരുന്നു. അന്ന് സഹിഷ്ണുതയോടെ സമുദായം പ്രതികരിച്ചു എന്നും സാദിഖലി തങ്ങൾ പറഞ്ഞിരുന്നു.