തൃശൂർ: ഏതൊരു വർഗീയ ശക്തിക്കും തൃശൂരിനെ വിട്ടുകൊടുക്കില്ലെന്ന് ടി എൻ പ്രതാപൻ എംപി. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന കോൺഗ്രസിന്റെ ജനസഭയിലാണ് എംപിയുടെ പ്രതികരണം. തൃശൂരിനെ ഒരു വർഗീയ ശക്തിക്കും വിട്ടുകൊടുക്കില്ല, ഇത് തൃശൂരിന്റെ ഗ്യാരണ്ടിയാണ്. തൃശൂരിനെ ഒരു ഇടതുപക്ഷ രാഷ്ട്രീയ ഫാസിസ്റ്റുകൾക്കും എടുക്കാനാകില്ല. പ്രധാനമന്ത്രി ഉൾപ്പെടെ വീണ്ടും വരും. സവർക്കർ രണ്ടാം വരവ് വന്നാലും തൃശൂർ വിട്ടുകൊടുക്കില്ല. ഇത് തൃശൂരിൻ്റെ ഗ്യാരണ്ടിയാണെന്നും ടി എൻ പ്രതാപൻ ആവർത്തിച്ചു പറഞ്ഞു.
'തൃശൂർ ഗുരുവായൂർ ക്ഷേത്രത്തിന്റെയും തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിന്റെയും ഇരിഞ്ഞാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിന്റെയും മണ്ണാണ്. തൃശൂരിലാണ് പുത്തൻപളളിയുളളത്. സെയ്ന്റ് തോമസിന്റെ വിശുദ്ധമായ ദേവാലയമുളളത് തൃശൂരിലെ പാലയൂരിലാണ്. പ്രസിദ്ധമാണ് പാവറട്ടി പളളി, ഇവിടെ വിശുദ്ധരായ മറിയം ത്രേസ്യാമ്മയുണ്ട്, എവ്യുപ്രാസ്യമ്മയുടെ ഓർമ്മകളുണ്ട്. ഏഷ്യയിലെ ആദ്യത്തെ ഇസ്ലാമിക മസ്ജിദായ ചേരമാൻ ജുമാമസ്ജിദുളളത് തൃശൂരിലാണ്. ഏറ്റവും പ്രധാനപ്പെട്ട ചാവക്കാട് ജുമമസ്ജിദുളളത് തൃശൂരിലാണ്. ഇവയെല്ലാം മനസിൽ ധ്യാനിച്ചുകൊണ്ട് പറയുന്നു, തൃശൂർ ഒരു വർഗീയ ഫാസിസ്റ്റുകൾക്കും എടുക്കാൻ കഴിയില്ല. ഇത് തൃശൂരിന്റെ ഗ്യാരണ്ടിയാണ്,' ടി എൻ പ്രതാപൻ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിലും കോൺഗ്രസ് ജയിക്കുമെന്നും ടി എൻ പ്രതാപൻ അഭിപ്രായപ്പെട്ടു. മഹാത്മ ഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയും പാദസ്പർശമേറ്റ മണ്ണാണ് തേക്കിൻകാട് മൈതാനം. മഹാത്മ ഗാന്ധിയെ വെടിവെച്ച് കൊന്ന നാഥുറാം ഗോഡ്സെയുടെ ആർഎസ്എസിന് ഈ തൃശൂരിനെ എടുക്കാൻ കഴിയില്ല. ഇത് തൃശൂരിന്റെ ഗ്യാരണ്ടിയാണെന്നും ടി എൻ പ്രതാപൻ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിനെ പോലുളള വിദ്വേഷം പരത്തുന്നവരേയും തൃശൂർ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴയിലും കണ്ണൂരിലും കോൺഗ്രസിന് പുതിയ സ്ഥാനാർത്ഥികൾ; കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ധാരണനരേന്ദ്ര മോദി ഇനിയും വരും. അമിത് ഷാ വരും. യോഗി ആദിത്യനാഥും മോഹൻ ഭാഗവതും വരും. സാക്ഷാൻ സവർക്കർ രണ്ടാം ജന്മമെടുത്ത് വന്നാലും തൃശൂർ ആർക്കും വിട്ടുകൊടുക്കില്ലെന്നും ഇത് തൃശൂരിന്റെ ഗ്യാരണ്ടിയാണെന്നും ടി എൻ പ്രതാപൻ പറഞ്ഞു. തൃശൂരിൽ നിന്ന് തുടങ്ങുകയാണ് കോൺഗ്രസിന്റെ ജൈത്ര യാത്ര. കഴിഞ്ഞ തവണ ആലപ്പുഴ നഷ്ടമായി. ആലപ്പുഴയും തിരിച്ചുപിടിച്ച് ഇത്തവണ 20 ൽ 20 സീറ്റ് കോൺഗ്രസ് നേടുമെന്ന് ടി എൻ പ്രതാപൻ എംപി വ്യക്തമാക്കി. വൻ ജനാവലിയാണ് കോൺഗ്രസിന്റെ ജനസഭയിലെത്തിയിട്ടുളളത്. വി എൻ സുധീരനടക്കം മുതിർന്ന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.