ലോക്സഭ തെരഞ്ഞെടുപ്പ്; തോമസ് ഐസക് ആലപ്പുഴയിൽ സ്ഥാനാർഥിയാകുമെന്ന വാർത്തകൾ തള്ളി എ എം ആരിഫ് എം പി

'പാർട്ടി ആവശ്യപ്പെട്ടാൽ മണ്ഡലത്തിൽ വീണ്ടും മത്സരിക്കും'

dot image

ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ തോമസ് ഐസക് ആലപ്പുഴയിൽ സ്ഥാനാർഥിയാകുമെന്ന വാർത്തകൾ തള്ളി എ എം ആരിഫ് എം പി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ലെന്നും ചർച്ചകൾ നടന്നു എന്നുള്ള പ്രചാരണങ്ങളെ പേഡ് ന്യൂസ് ആയിട്ടാണ് കാണുന്നതെന്നും എ എം ആരിഫ് റിപ്പോർട്ടറിനോട് പറഞ്ഞു. സീനിയർ നേതാക്കളായ തോമസ് ഐസക്കും ജി സുധാകരനും പാർലമെൻറിൽ വരാൻ യോഗ്യരാണ്. അവരുടെ പേരുകൾ പാർട്ടി ഘടകങ്ങൾ പരിശോധിക്കുന്നതിൽ യാതൊരു അപാകതയുമില്ല. പാർട്ടി ആവശ്യപ്പെട്ടാൽ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമെന്നും എ എം ആരിഫ് വ്യക്തമാക്കി.

ആലപ്പുഴയിലെ സിറ്റിംഗ് എംപിയെ കുറിച്ചുള്ള പാർട്ടി അഭിപ്രായം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയതാണ്. സ്ഥാനാർത്ഥി ആരായാലും ആലപ്പുഴയിൽ എൽഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. പ്രബലരായ രണ്ടുപേരെ ഒഴിച്ചുനിർത്തിയാണ് ആലപ്പുഴയിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ പാർട്ടി നേരിട്ടത്. ആ ഘട്ടത്തിലും വലിയ വിജയമാണ് ആലപ്പുഴയിൽ എൽഡിഎഫിന് നേടാൻ സാധിച്ചത്. ആലപ്പുഴയിൽ എൽഡിഎഫിനുള്ള അടിത്തറയിൽ കോട്ടം സംഭവിച്ചതായി തെളിയിക്കുന്ന യാതൊരു തെളിവുകളും ഇല്ലെന്നും ആരിഫ് വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും കെ സി വേണുഗോപാലിനെതിരായ സ്ഥാനാർത്ഥിയായാണ് തന്നെ തീരുമാനിച്ചത്. ഭാരിച്ച ഉത്തരവാദിത്തം ഡൽഹിയിൽ ഉണ്ടെന്ന് പറഞ്ഞാണ് അന്ന് വേണുഗോപാൽ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്. ഇന്ത്യ മുന്നണിയുടെ കൺവീനറായി പ്രവർത്തിക്കുന്ന അദ്ദേഹത്തിൻറെ ഉത്തരവാദിത്തം ഇപ്പോൾ ഇരട്ടിക്കുകയാണ് ഉണ്ടായത്. അത്തരമൊരു സാഹചര്യത്തിൽ അദ്ദേഹത്തിന് ഇപ്പോൾ ആലപ്പുഴയിൽ മത്സരിക്കാൻ സാധിക്കില്ല. എന്നാൽ വേണുഗോപാൽ മത്സരിച്ചാലും ആലപ്പുഴയിൽ എൽഡിഎഫ് ജയിക്കും എന്ന കാര്യത്തിൽ തർക്കമില്ല. കെ സി വേണുഗോപാൽ മത്സരിക്കും എന്ന് പറഞ്ഞാലും എൽഡിഎഫിന് യാതൊരു ഭയാശങ്കകളും ഇല്ലെന്നും ആരിഫ് വ്യക്തമാക്കി.

ചലച്ചിത്രതാരം സിദ്ദിഖ് ആലപ്പുഴയിൽ മത്സരിക്കുമെന്ന വാർത്തകളോടും ആരിഫ് പ്രതികരിച്ചു. സിദ്ദിഖ് അരൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന പ്രചാരണങ്ങൾ നേരത്തെയും കേട്ടിരുന്നു. പിന്നീട് ആരും അദ്ദേഹം മത്സരിക്കണമെന്ന് ആവശ്യം മുന്നോട്ട് വച്ചില്ലെന്ന് സിദ്ദിഖ് തന്നെ പറഞ്ഞത് താൻ കേട്ടിരുന്നു. ആരു മത്സരിച്ചാലും ആലപ്പുഴയിൽ ഇടതുപക്ഷ സ്ഥാനാർഥി ജയിക്കും എന്ന കാര്യത്തിൽ തനിക്കൊരു സംശയവുമില്ല. പാർട്ടി വീണ്ടും മത്സരിക്കാൻ പറഞ്ഞാൽ താൻ മത്സരിക്കും. അതിൽ ഒരു തർക്കവുമില്ല. പാർട്ടി പഞ്ചായത്ത് അംഗമായി മത്സരിക്കാൻ പറഞ്ഞാലും പാർലമെൻറ് അംഗമായി മത്സരിക്കാൻ പറഞ്ഞാലും താൻ മത്സരിക്കുമെന്നും ആരിഫ് പറഞ്ഞു.

കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടയിലെ ആദ്യഘട്ടങ്ങളിൽ പാർലമെന്റിൽ ഒറ്റപ്പെടൽ നേരിട്ടുവെന്നും ആരിഫ് റിപ്പോർട്ടറിനോട് വെളിപ്പെടുത്തി. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ കോൺഗ്രസുമായി സഹകരിച്ച് ഡൽഹിയിൽ സമരം ചെയ്തു. എന്നാൽ കേരളത്തിൻറെ പൊതുവായ ആവശ്യങ്ങൾ ഉയർത്തി സംസാരിക്കാൻ താൻ മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. കേരളത്തിൻറെ ഓരോ ആവശ്യങ്ങളും ഉന്നയിച്ചും ലോക്സഭയിൽ സംസാരിക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാലയളവിൽ സഹപ്രവർത്തകരായ കോൺഗ്രസ് അംഗങ്ങൾ കേരളത്തിൻറെ ആവശ്യങ്ങൾ ലോക്സഭയിൽ ഉന്നയിച്ച് കണ്ടില്ല. കേരളത്തിലെ പ്രതിപക്ഷം പ്രവർത്തിക്കുന്നതുപോലെയാണ് സഹപ്രവർത്തകരായ അംഗങ്ങൾ ലോക്സഭയിൽ പ്രവർത്തിച്ചത്. കേരള ഭരണത്തെ വിമർശിക്കാനാണ് പലരും ലോക്സഭയിൽ അവസരം കണ്ടെത്തിയതെന്നും ആരിഫ് വെളിപ്പെടുത്തി. കേരളത്തിനു വേണ്ടിയുള്ള ചർച്ചകളിൽ ലോക്സഭയിൽ ഏറ്റവും കൂടുതൽ സംസാരിച്ച അംഗങ്ങളിൽ ഒരാൾ താനാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ചോദ്യം ഉന്നയിച്ചതിലും സബ്മിഷനിൽ പങ്കെടുത്തതിലും മുന്നിൽ നിൽക്കുന്ന ലോക്സഭ അംഗങ്ങളിൽ ഒരാൾ താനാണ്. നാടിൻറെ വികസനവുമായി ബന്ധപ്പെട്ട് മറ്റൊരു അംഗത്തിനും നേടിയെടുക്കാൻ കഴിയാത്ത നേട്ടങ്ങൾ സ്വന്തമാക്കാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്നും ആരിഫ് അവകാശപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us